ജാവലിന്‍ത്രോയില്‍ പുതുചരിത്രം കുറിച്ച് ദാവീന്ദര്‍ സിങ്ങ്

#

ലണ്ടന്‍ (11-08-17) :  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുതു ചരിത്രം കുറിച്ച് ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിങ്ങ്. ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ദാവീന്ദര്‍  സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദാവീന്ദര്‍ തോളിനേറ്റ പരിക്കിനെ അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ ഇന്ത്യന്‍ താരം മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്.ഭുവനേശ്വറില്‍ നടന്ന എഷ്യന്‍ അത്‌ല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണവും 83.29 മീറ്റര്‍ പിന്നിട്ട ദാവീന്ദര്‍ വെങ്കലവും നേടിയിരുന്നു.ആകെ 13 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ശനിയാഴ്ചയാണ് ഫൈനല്‍ നടക്കുക. അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര എല്ലാവരെയും നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ 82.26 മീറ്ററാണ് നീരജ് പിന്നിട്ടത്. ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്ത് എത്താനെ നീരജിന് സാധിച്ചുള്ളൂ. 19കാരനായ നീരജ് ലോക ജൂനിയര്‍ റെക്കോഡിനുടമയാണ്.