അടൂരിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ ദിലീപിന്റെ ജാമ്യഹര്‍ജി

#

(11-08-17) : ജാമ്യത്തിനുവേണ്ടി പുതിയ വാദമുഖങ്ങളുന്നയിച്ച് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യഹര്‍ജി തള്ളിയതിനുശേഷം പുതിയ വാദങ്ങളും പുതിയ അഭിഭാഷകനുമായാണ് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ജാമ്യത്തിനുവേണ്ടി നിയമപരമായ എല്ലാ മാര്‍ഗ്ഗവും തേടാനുള്ള അവകാശം ദിലീപിനുണ്ട്. ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും തള്ളുകയാണെങ്കില്‍ സുപ്രീംകോടതിയില്‍ പോകാം.

കോടതിയില്‍ നിയമനടപടികളുമായി ദിലീപ് കേസിനെ നേരിടുമ്പോള്‍, പുറത്ത് ദിലീപിന് അനുകൂലമായി ജനാഭിപ്രായം രൂപീകരിക്കാനുള്ള സംഘടിതശ്രമം നടക്കുകയുണ്ടായി. ആ ശ്രമങ്ങള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു മാത്രമല്ല, വിപരീതഫലം സൃഷ്ടിക്കുകയും ചെയ്തു. പണം കൊടുത്ത് പി.ആര്‍ ഏജന്‍സികളെ രംഗത്തിറക്കുകയും പല തരത്തില്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ ദുരൂഹമായ തരത്തില്‍ ദിലീപിനു വേണ്ടി രംഗത്തു വന്ന ഒരാളുണ്ട്. മലയാള സിനിമയെ വിശ്വചക്രവാളത്തിലേക്കുയര്‍ത്തി എന്ന് സ്വയം അവകാശപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍. നടി മേനകയുടെ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ സുരേഷ്‌കുമാറിനെയും സജി നന്ത്യാട്ടിനെയും പോലെ കുറേയാളുകള്‍ ദിലീപിനുവേണ്ടി രംഗത്തു വന്നതുപോലെയല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ രംഗപ്രവേശം.

ഒരു പൊതുപ്രശ്‌നത്തിലും അങ്ങനെയും ഇങ്ങനെയുമൊന്നും അഭിപ്രായം പറയുന്ന ആളല്ല ഗോപാലകൃഷ്ണന്‍. ദിലീപിനുവേണ്ടി തുടര്‍ച്ചയായി ശബ്ദമുയര്‍ത്താന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പ്രേരിപ്പിച്ച ഘടകങ്ങളെന്താവാം? താനറിയുന്ന ദിലീപ്, ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ആദ്യം പ്രതികരിച്ച അടൂര്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ആധികാരികമായാണ് ദിലീപിനു വേണ്ടി വാദങ്ങള്‍ അവതരിപ്പിച്ചത്. ആക്രമിക്കപ്പെട്ട നടിയെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നതിന് ദിലീപ് ശ്രമിച്ചിട്ടുണ്ടെന്നും ഈ വിവരം അറിയാവുന്ന പ്രതി ദിലീപിന്റെ പേര് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയതാകാമെന്നുമുള്ള നിഗമനങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുന്നോട്ടുവെച്ചു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമം നടത്താതെയാണ് ദിലീപിനു വേണ്ടി തന്റെ കുറ്റാന്വേഷണ വൈഭവം അടൂര്‍ പുറത്തെടുത്തത്.

ദിലീപിനു വേണ്ടി സമര്‍ത്ഥമായ വാദങ്ങള്‍ നിരത്തിയെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്‍, ആള് ശരിയല്ലല്ലോ എന്ന ചിന്ത ജനങ്ങളിലുണ്ടായി എന്നല്ലാതെ ജനങ്ങളില്‍ ദിലീപിന് അനുകൂലമായ മനോഭാവമുണ്ടാക്കാന്‍ ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ക്ക് കഴിഞ്ഞില്ല. താന്‍ അവസാനമെടുത്ത ചിത്രത്തില്‍ നായകനായിരുന്നു ദിലീപ് എന്നതും അതിന്റെ വിതരണ-പ്രദര്‍ശനങ്ങള്‍ സുഗമമാക്കാൻ സഹായിച്ചയാൾ എന്നുമുള്ള ബന്ധത്തിനപ്പുറം   താല്പര്യങ്ങള്‍ ഇക്കാര്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുണ്ടോ? ദിലീപിന് അനുകൂലമായ അഭിപ്രായം സൃഷ്ടിക്കാന്‍ വേണ്ടി പണം വാരിയെറിഞ്ഞവരെയും അടൂര്‍ ഗോപാലകൃഷ്ണനെയും കൂടി അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമോ?

ജാമ്യഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ തന്റെ കക്ഷിക്ക് ജാമ്യം ലഭിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നിയമപരമായ പോയിന്റുകള്‍ കണ്ടെത്തിയാണ് ഹര്‍ജി തയ്യാറാക്കിയത്. രാംകുമാറിനെ മാറ്റി രാമന്‍പിള്ളയെ വക്കീലാക്കിയത് തെറ്റായില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് ജാമ്യഹര്‍ജി. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് കൂടി ജാമ്യഹര്‍ജിയോടൊപ്പം ഹാജരാക്കാന്‍ വക്കീല്‍ തുനിഞ്ഞില്ല. നിയമപരമായി ഒരു നിലനില്പുമില്ലെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റെ സല്‌പേര് ഒന്ന് ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയാലോ എന്ന ചിന്ത വക്കീലിനുണ്ടായില്ല. പൊതു ജനങ്ങള്‍ക്കിടയില്‍ പോലും ചെലവാകാത്ത അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ക്ക് ഹൈക്കോടതിയില്‍ എന്തുകാര്യം എന്ന് അഭിഭാഷകന് അറിയാം. എങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റെ മെഗലോമാനിയയെ തൃപ്തിപ്പെടുത്താനെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ജാമ്യഹര്‍ജിയില്‍ ഉദ്ധരിച്ചിരുന്നെങ്കില്‍, ആ ജനുസ്സില്‍പെട്ട കുറേ പേര്‍ക്കെങ്കിലും ദിലീപിനു വേണ്ടി രംഗത്തുവരാന്‍ അതൊരു പ്രോത്സാഹനമായേനെ.