ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

#

(11-08-17) : ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഒത്തുകളി ആരോപണവിധേയനായ താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിധി അംഗീകരിക്കില്ലെന്ന് അറിയിച്ച ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെതിരെ അപ്പീല്‍ പോയതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രൂക്ഷമായ ഭാഷയിലാണ് ശ്രീ പ്രതികരിച്ചിരിക്കുന്നത്.

താന്‍ ആരോടും യാചിക്കുകയല്ലെന്നും തന്റെ അവകാശവും ഉപജീവന മാര്‍ഗ്ഗവും തിരികെ തരാനാണ് ആവശ്യപ്പെടുന്നതെന്നുമാണ് ശ്രീ ട്വിറ്ററില്‍ കുറിച്ചത്. ബി.സി.സി.ഐ ദൈവത്തെക്കാള്‍ മുകളിലല്ലെന്നും താന്‍ ഇനിയും കളിക്കുമെന്നും വെല്ലുവിളി രൂപത്തില്‍ താരം പറയുന്നു. നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച ഒരാളോട് ഇതിലും മോശമായി പെരുമാറാന്‍ ആര്‍ക്കും ആകില്ലെന്നും തന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

കോടതി വിധി ശ്രീശാന്തിന് അനുകൂലമായി എത്തിയിട്ടും ശ്രീയെ ഉടന്‍ തിരികെയെടുക്കേണ്ട എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബി.സി.സി.ഐ.