നടിക്കെതിരായ പരാമർശം പി.സി.ജോർജിനെതിരെ കേസ് എടുക്കും

#

തിരുവനന്തപുരം (12-08-17) : നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി ജോർജ് എം.എൽ.എക്കെതിരെ കേസ് എടുക്കും. വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് കേസ് എടുക്കുന്നത്. പി.സി.ജോർജിന്റെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സ്പീക്കർക്ക് കത്ത് നൽകും.

ആലപ്പുഴയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ നടിയെ അപമാനിക്കുംവിധം നിരവധി പരാമർശങ്ങളാണ് പി.സി.ജോർജ് നടത്തിയത്. പി.സി.ജോർജിനെതിരെ വ്യാപകമായ വിമർശനം ഉയരുകയും കേസ് എടുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു. പി.സി.ജോർജിന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതും അന്തസ്സും ആത്മാഭിമാനവും ഇടിച്ചു താഴ്ത്തുന്നതുമാണെന്നും അതിനാൽ കേസ് എടുക്കാമെന്നും നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നതിന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ നിർദ്ദേശം നൽകുകയായിരുന്നു.

നിർഭയ മോഡൽ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നിട്ടും നടി അടുത്ത ദിവസം ഷൂട്ടിങ്ങിനു പോയത് എങ്ങനെയെന്നും അവർ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പത്രസമ്മേളനത്തിൽ പി.സി.ജോർജ് ചോദിച്ചിരുന്നു.