കുഞ്ഞുങ്ങളുടെ മരണം അധികൃതരുടെ അനാസ്ഥ മൂലം : യു.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

#

ഗോരഖ്പുര്‍ (12-08-17) : യു.പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപതോളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാബ രാഘവ് ദേവ് ഹോസ്പിറ്റലിലാണ് ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അറുപത് കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ തക്ക നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ബാബ രാഘവ് ദേവ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത് യോഗിയുടെ മണ്ഡലമായ ഗോരഖ്പുരില്‍ തന്നെയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ബാക്കിയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തി വച്ചിരുന്നു. നിയോ നാറ്റല്‍ കെയറിലടക്കം കിടക്കുന്ന നവജാത ശിശുക്കള്‍ക്ക് ഓക്‌സിജന്‍ വേണ്ടത്ര ലഭ്യമാകുന്നില്ലെന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് ഇത്രയും കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.

ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായതായി സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിക്കുന്നത്. ഇതിനിടെ ഒരു ദിവസം മുഖ്യമന്ത്രി തന്നെ നേരിട്ട് ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.