ദിലീപ് പറയുന്നതും പോലീസ് പറയുന്നതും ശരിയെന്ന് ഡി.ജി.പി

#

തിരുവനന്തപുരം (12-08-17) : നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് പള്‍സര്‍ സുനിയുടെ കത്ത് ലഭിച്ച അന്ന് തന്നെ് തനിക്ക് പരാതി നല്‍കിയിരുന്നതായി സ്ഥീരീകരിച്ച് ഡി.ജി.പി ലോക്നാഥ് ബഹ്റ. ദിലീപ് എപ്പോഴാണ് തനിക്ക് പരാതി നല്‍കിയതെന്നും, എന്തായിരുന്നു പരാതിയുടെ ഉള്ളടക്കമെന്നും കോടതിയെ അറിയിക്കുമെന്നും ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് വൃക്തമാക്കി.

ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യപേക്ഷയില്‍ പറഞ്ഞത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണല്‍ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നും ജാമ്യഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് ലഭിച്ചതിനെ സംബന്ധിച്ച്  ദിലീപ് 20 ദിവസത്തിനു ശേഷമാണ് പരാതി നൽകിയതെന്നാണ് പോലീസിന്‍െ്‌റ വാദം. പൊലീസിന്റെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തല്‍. എല്ലാ കാര്യങ്ങളും കോടതിയില്‍ തന്നെ വ്യക്തമാക്കും. കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബെഹ്റ പറഞ്ഞു.

കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും പൊലീസും പറയുന്നത് ശരിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയലക്ഷ്യമാകും. കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയില്‍ പൊലീസ് ഉടന്‍ സത്യവാങ് മൂലം നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായി വാദം കേള്‍ക്കാനായി ആഗസ്റ്റ് 18 ലേക്ക്   മാറ്റിയിരിക്കുകയാണ്.