വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി

#

തൃശൂര്‍ (12-08-17) : പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ കുടുംബം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് കുടുംബം മൊഴി നല്‍കിയത്. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടിയുടെയും വിനായകന്റെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും ദൃക്സാക്ഷിയുമായ ശരത്ത്, മറ്റൊരു സുഹൃത്ത് വൈഷ്ണവ്, അയല്‍വാസി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ മാസമാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച  വിനായകന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിനായകന്റെ മരണം സി.ബി്‌ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പ്രതിഷേധപരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് വിനായകന്‍െ്‌റ കുടുംബം.