ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന സുരക്ഷ കണക്കിലെടുത്ത്

#

ബംഗളൂരു (12-08-17) : എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ആയിരുന്ന ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയത് സുരക്ഷയുടെ ഭാഗമായി ആണെന്ന് അധികൃതര്‍. ശശികലയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്നും രണ്ട് കോടി രൂപ കോഴ വാങ്ങി ജയില്‍ അധികൃതര്‍ ആണ് അധിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതെന്നും മുന്‍ ജയില്‍ ഡി.ഐ.ജി ആയിരുന്ന ഡി.രൂപ പുറത്തു വിട്ട റിപ്പോര്‍ട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച  അന്വേഷണം നടത്താന്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കെയാണ്. ചില ഉന്നത അധികൃതര്‍ വിശദീകരണവുമായെത്തിയിരിക്കുന്നത്.

ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്നും എന്നാല്‍ അവരുടെ സുരക്ഷ കണക്കിലെടുത്ത് ചില സുരക്ഷ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ശശികല കഴിയുന്ന വനിത കുറ്റവാളികളുടെ ബ്ലോക്കില്‍ ആകെ അഞ്ച് സെല്ലുകളാണുള്ളത്. ഇതില്‍ ശശികല കഴിയുന്ന സെല്ലിന് പുറമെ ബാക്കി നാലും ഇവരുടെ തന്നെ ആവശ്യങ്ങള്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് രൂപയുടെ റിപ്പോര്‍ട്ട്. ബാക്കി സെല്ലുകളില്‍ തടവുകാര്‍ തിങ്ങി ഞെരുങ്ങി കഴിയുമ്പോഴാണ് ഒരു ബ്ലോക്ക് ശശികലയ്ക്ക് മാത്രമായി മാറ്റിയിരിക്കുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത അധികൃതര്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്കായാണ് സെല്ലുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും ശശികലയുടെ സുരക്ഷ കണക്കിലെടുത്താണ് ബ്ലോക്കിന്റെ രണ്ട് വശത്തും ബാരിക്കേഡുകള്‍ കെട്ടി തടഞ്ഞിരിക്കുന്നതെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തുന്നത് വരെ പ്രത്യേക സംവിധാനങ്ങള്‍ അത് പോലെ തന്നെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രൂപ ഉന്നയിച്ച രണ്ട് കോടി രൂപയുടെ കോഴ ആരോപണത്തില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.