ജെ എൻ യു: ആധാറില്ലാത്ത ഗവേഷണം അസാധുവാകുമ്പോൾ : കെ എസ് ഇന്ദുലേഖ

#

(12-08-17) : അക്കാദമിക് മികവിന്റെ തലക്കെട്ടുകളുമായി ഇന്ത്യയെ വിസ്മയിപ്പിച്ചിരുന്ന ജെഎൻയു ഒരു അർദ്ധ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായതിൽ അത്ഭുതമേതുമില്ല. തങ്ങളെ ബൗദ്ധികമായി വെല്ലുവിളിക്കുന്ന ധൈഷണിക സമൂഹം നിലനിൽക്കുന്ന അതേയിടത്തു തന്നെ ഭരണകൂടത്തിന്റെ മൃഗീയ ശക്തിയും, പൗരനിയന്ത്രണത്തിന്റെ നവമാർഗ്ഗങ്ങളും ആദ്യം പ്രയോഗിക്കാനുള്ള ഇന്ത്യൻ ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രമായി വേണം ജെഎൻയുവിൽ രണ്ടു വർഷത്തോളമായി നടന്നു വരുന്ന സംഭവ പരമ്പരകളെ കാണാൻ. അതിൽ അവസാനത്തേതാണ് എംഫിൽ ബിരുദത്തിനായി ഗവേഷകർ സമർപ്പിച്ച പ്രബന്ധങ്ങൾ ആധാർ നമ്പർ ചേർത്തില്ലെന്ന കാരണത്താൽ തിരസ്കരിച്ച ജെഎൻയു അധികൃതരുടെ നടപടി.

ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ നേതാവും മോദി ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയ ജെ എൻ യു സമരങ്ങളിൽ നിർണ്ണായ പങ്കുവഹിച്ച വ്യക്തിയുമായ ഷഹല റാഷിദ് ഷോറയുടേതടക്കമുള്ള ഗവേഷണ പ്രബന്ധങ്ങൾ തിരിച്ചയച്ചവയിലുണ്ട്. കനയ്യകുമാർ അറസ്റ്റിലായപ്പോൾ അതിനെതിരെ നടന്ന ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡൻറ് എന്ന നിലയിൽ നേതൃത്വം നൽകിയ ഷഹല അതേ പോരാട്ട വീര്യത്തോടെ ഗവേഷണ പ്രബന്ധം തിരസ്കരിച്ച വിഷയത്തിലും നിലപാടെടുത്തിരിക്കുകയാണ്.

ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചു കൊണ്ടിരിക്കെയാണ് അതിന്റെ വിധിക്കു പോലും കാക്കാതെ ജെഎൻയു, ആധാർ കാർഡ് ഇല്ലാത്തവരെ ചുവപ്പ് കാർഡ് നൽകി പുറത്താക്കുന്ന ആദ്യ അക്കാദമിക് സ്ഥാപനവും പൊതുസ്ഥാപനവുമായി മാറി ചരിത്രത്തിലിടം പിടിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് ആധാർ കാർഡ് നിർബന്ധമാക്കി കൊണ്ടുള്ള ഒരു ഉത്തരവും രാജ്യത്ത് നിലവില്ല. ഈ വസ്തുത യുജിസിയും ശരിവച്ചിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ വിചിത്രമായ ഈ ആധാർ നിയമം ചട്ടവിരുദ്ധമാണെന്ന് കമൽ മിത്ര ചെനോയിയെപ്പോലുള്ള അധ്യാപകരും പറയുന്നു.എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ച്, പ്രവേശന പരീക്ഷ പാസ്സായി, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ യോഗ്യതയിൽ ഗവേഷകരായി അഡ്മിഷൻ ലഭിച്ച്, ഗവേഷണം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വർഷങ്ങളോളം നീണ്ട കഠിന പരാശ്രമങ്ങളുടെ ഫലത്തെ കേവലം ആധാർ നമ്പർ നൽകിയില്ല എന്നതിന്റെ പേരിൽ ചട്ടവിരുദ്ധമായി തിരസ്‌കരിക്കുന്ന സർവ്വകലാശാല, സമൂഹത്തിനും വിദ്യാർത്ഥികൾക്കും എന്ത് സന്ദേശമാണ് നൽകുന്നത്?

സർവ്വകലാശാലയിൽ യുദ്ധടാങ്ക് സ്ഥാപിച്ച്  വിദ്യാർത്ഥികളിൽ രാജ്യസ്നേഹം വളർത്തണമെന്ന് പ്രസംഗിക്കുന്ന വൈസ് ചാൻസിലറുടെ കീഴിലാണിപ്പോൾ ജെഎൻയു. ഭരണകൂട പ്രീണനത്തിന് ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത, സ്തുതിപാഠകവൃന്ദങ്ങളിൽപെട്ടവരെ നിർണ്ണായക സ്ഥാനങ്ങളിലിരുത്തുന്ന മോദിസർക്കാർ നയത്തിന്റെ ബലത്തിൽ മാത്രം അക്കാദമിക് പദവിയിലെത്തിച്ചേർന്നവർ  മാത്രമാണവർ. ഭരണകൂടത്തേക്കാൾ മുമ്പേ ഭരണകൂട അജണ്ട നടപ്പിലാക്കി യജമാന ഭക്തി പ്രകടമാക്കുന്ന തരം പ്രവൃത്തികളാണ് വിസിയുടെ പീരങ്കി പ്രസംഗവും ഈ ആധാർ പരിഷ്കാരവുമെല്ലാം.

യുദ്ധടാങ്ക് അകത്തും ഗവേഷണ പ്രബന്ധം പുറത്തും എന്നതാണ് ഇപ്പോൾ ജെ എൻ യുവിലെ അവസ്ഥ. നിലവിലെ ഇന്ത്യൻ ഭരണകൂടത്തിന്റെ രീതികളും തന്ത്രങ്ങളും വ്യത്യസ്തമാണ്. ഏതൊരു ജനവിരുദ്ധ നയവും പരിഷ്കാരവും ഏറ്റവും കുറഞ്ഞ ജനകീയ എതിർപ്പും പ്രതിരോധവും ഉയർന്നു വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ആദ്യം നടപ്പിലാക്കിയെടുത്ത ശേഷം പതിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന രീതിയാണ് പൊതുവേ ജനാധിപത്യ ഗവൺമെന്റുകൾ അവലംബിക്കാറുള്ളതെങ്കിൽ, നേരെ മറിച്ച് ഏറ്റവും വലിയ എതിർ സ്വരങ്ങളെ ഏറ്റവുമാദ്യം നേരിട്ടെതിർത്തൊതുക്കുന്ന ആക്രമണോത്സുക യുദ്ധതന്ത്രമാണ് ഇന്ത്യൻ ഫാസിസിറ്റുകൾ ഇപ്പോൾ അവലംബിക്കുന്നത്  എന്നതിന്റെ തെളിവാണ് ജെഎൻയു വിൽ നടക്കുന്നത്.

സ്വതന്ത്ര വൈജ്ഞാനിക ചിന്തകളുടെ ഉറവിടങ്ങളെ തകർത്ത് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇടതു മതേതര ഹൃദയമുള്ള കാമ്പസുകൾ വഴങ്ങിക്കൊടുത്തു കൂടാ. ജെഎൻയു വിലെ ആധാർ കരിനിയമത്തിനെതിരെ ഉള്ള പ്രതിഷേധം കരുത്തുറ്റ പ്രക്ഷോഭമായി വളർത്തിയെടുക്കാനും പിന്തുണക്കാനും പുരോഗമനപക്ഷത്തിന് ബാധ്യതയുണ്ട്.