ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം: എൻ എസ് മാധവൻ

#

കോഴിക്കോട് (12-08-17) : ഇന്ത്യയ്ക്ക് നഷ്ടം വന്നത് ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് എൻഎസ് മാധവൻ. ഫാസിസ്റ്റ് കാലത്ത് എഴുത്തുകാരും കലാകാരന്‍മാരും മൗനിമാരാകുന്നതാണ് ചരിത്രത്തിലെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തിയും വധിച്ചും എഴുത്തുകാരെ നിശബ്ദരാക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യാവസ്ഥയെ കുറിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലും എഴുത്തുകാരന് നിഷേധിക്കപ്പെടുകയാണെന്നും എൻ എസ്  മാധവൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകളെ അഴിച്ചുവിട്ട് സവർണ സങ്കൽപ്പത്തിന് എതിരായ എന്തിനേയും ഒച്ചയെടുത്തോ വ ധിച്ചോ നേരിടുകയാണ് ഇന്ത്യൻ ഭരണകൂടം ചെയ്യുന്നതെന്നും അവിടെ എഴുത്തുകാരൻ മനുഷ്യാവസ്ഥയെ കുറിച്ച് എഴുതുകയും മനുഷ്യാവസ്ഥയെ സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. അതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്വം. ഫാസിസ്റ്റ് കാലത്ത് കലാകാരന്റെ മൗനത്തെ കുറിച്ച് അടിയന്തിരാവസ്ഥയുടെ അനുഭവത്തെ അടയാളപ്പെടുത്തിയായിരുന്നു എന്‍എസ് മാധവന്റെ പ്രതികരണം.ഫാസിസം ഇന്ത്യയില്‍ കടന്നുവരുന്നത് ജനാധിപത്യത്തിലൂടെയാണ്. ഇടതുപക്ഷത്തിന്റെയും ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും അപചയം ഫാസിസത്തിന് വളമാകുന്നു. മനുഷ്യാവസ്ഥയെ കുറിച്ച് പ്രതികരിക്കാന്‍ പോലും എഴുത്തുകാരന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രം ചൂണ്ടിക്കാണിക്കുന്നത് പലപ്പോഴും സാഹിത്യമുണ്ടായിട്ടുള്ളത് ജനാധിപത്യമില്ലായ്മയിൽ നിന്നാണ് എന്ന് മാധവൻ പറഞ്ഞു. വളരെ പരിമിതമായ ജനാധിപത്യ അവസ്ഥയിൽ അത്യുജ്വല കൃതികൾ രചിച്ച ഗ്രീക്ക് സാഹിത്യകാരന്മാരും എലിസബത്തെൻ കാലഘട്ടത്തിൽ സാഹിത്യ പ്രവർത്തനം നടത്തിയ ഷേക്സ്പിയറും ശിഥിലമായ നാട്ടുരാജാക്കന്മാരുടെ ഇടയിലിരുന്ന് കാവ്യങ്ങൾ രചിച്ച തുഞ്ചത്ത് എഴുത്തച്ഛനും ജനാധിപത്യമില്ലായ്മയിലെ സാഹിത്യ ഉൽഭവത്തെ കുറിക്കുന്ന മികച്ച ഉദാഹരണങ്ങളാണ്.എഴുത്തിന് ജനാധിപത്യത്തിന്റെ അനിവാര്യതയുണ്ടോ എന്നത് ചരിത്രത്തിന്റെ വെളിച്ചത്തിൽ സാധൂകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍  കെപി രാമനുണ്ണി, അശോകന്‍ ചരുവില്‍, പികെ പാറക്കടവ്, ആര്‍ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.