എന്റെ മൂക്ക് ചെത്താന്‍ പോരണ്ട : വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി.ജോര്‍ജ്

#

കോട്ടയം (12-08-17) : വനിതാ കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യം നോക്കിയിട്ട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്ന് പി.സി.ജോര്‍ജ്. ആക്രമണത്തിനിരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോർജിനെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു, ഇതിനെ തുടര്‍ന്നാണ് കമ്മീഷനെ കടന്നാക്രമിച്ച് പൂഞ്ഞാര്‍ എം.എല്‍.എ എത്തിയിരിക്കുന്നത്.

ആദ്യം  വനിതകളുടെ കാര്യങ്ങള്‍ ഒക്കെ നോക്കി നല്ലകാര്യം ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടാമെന്നും അല്ലാതെ തന്റെ മൂക്ക് ചെത്താന്‍ ആരും ഇങ്ങോട്ട് പോരെണ്ടെന്നുമാണ് ജോർജ് അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നോട്ടീസയക്കുകയാണെങ്കില്‍ സൗകര്യമുണ്ടെങ്കില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായുണ്ടാക്കിയ നിയമങ്ങള്‍ ചില തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നും അവരുടെയൊക്കെ തനിനിറം കമ്മീഷനു മുന്നില്‍ കൊണ്ടു വരുമെന്നും പറഞ്ഞ പി.സി ജോര്‍ജ്  പാവപ്പെട്ട പുരുഷന്‍മാര്‍ക്കും ഇവിടെ ജീവിക്കേണ്ടേ എന്നും ചോദിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് വനിതാ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് ഉള്‍പ്പെടെ എല്ലാം കമ്മീഷന് മുന്നില്‍ വിശദമായി പറയാമെന്നും അതുകൊണ്ട് തന്നെ കമ്മീഷനില്‍ വരുന്നത് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞ ജോർജ്  തന്റെ ഫെയ്‌സ്ബുക്ക് നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ വനിതാ കമ്മീഷന് കൊള്ളാമെന്നും പറയുന്നു.