ഡോക്‌ലാം : ചൈന പിടിവാശി കാട്ടുന്നു ; പിന്തുണ ഇന്ത്യക്ക് : അമേരിക്ക

#

വാഷിംഗ്‌ടൺ (12-08-17) :  ഡോക്‌ലാം വിഷയത്തിൽ ചൈനക്കെതിരെ വിമർശനവുമായി അമേരിക്ക. മേഖലയിൽ ഇന്ത്യ പക്വതയോടെ പെരുമാറുമ്പോൾ ചൈന കൗമാരക്കാരനെപ്പോലെ പിടിവാശി കാട്ടുകയാണെന്ന്  അമേരിക്കൻ പ്രതിരോധ വക്താവ് ജെയിംസ് ആർ.ഹോംസ് പറഞ്ഞു.

ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ചൈനയുടെ അതെ നാണയത്തിൽ തിരിച്ചടിക്കുന്നതിനോ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതിനോ ശ്രമിക്കുന്നില്ല. വളരെ പ്രബലമായ അയൽ രാജ്യവുമായി ഇത്തരത്തിൽ തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടാക്കുന്ന ചൈനയുടെ നടപടി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അമേരിക്ക ഇടപെടേണ്ട സാഹചര്യം ഉണ്ടായാൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരിക്കും നിൽക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

പസഫിക് മേഖലയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളെയും ജെയിംസ് ഹോംസ് വിമർശിച്ചു. പസഫിക് മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം സ്വന്തം ഭൂപ്രദേശം സംരക്ഷിക്കുകയാണ് ചൈന ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോക് ലാമിൽ ഭൂട്ടാന്റെ അധീനതയിലുള്ള ഭൂപ്രദേശത്ത് ചൈന നടത്തിയ റോഡ് നിർമ്മാണം ഇന്ത്യൻ സേന തടഞ്ഞതോടെ ഉടലെടുത്ത സംഘർഷം 50 ദിവസത്തിലധികമായി തുടരുകയാണ്.