പ്രതികാരനടപടിയുമായി നിതീഷ് : ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കി

#

പാറ്റ്ന (12-08-17) : ബിജെപിയുമായുള്ള സഖ്യത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും താൻ ഇപ്പോഴും മഹാസഖ്യത്തിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശരദ് യാദവിനെ പാർട്ടിയുടെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് പുറത്താക്കി നിതീഷ് കുമാറിന്റെ പ്രതികാരം. നിതീഷിന്റെ വിശ്വസ്തനായ ആർ.സി.പി സിങിന് ചുമതല നൽകി. നിതീഷിനെ പുറത്താക്കിയതായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ അറിയിക്കുകയും ചെയ്തു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ശരദ് യാദവിനെതിരായ നടപടി എന്ന പാർട്ടി ബീഹാർ സംസ്ഥാന അധ്യക്ഷൻ വിശിഷ്ട നാരായൺ പറയുന്നുവെങ്കിലും നിതീഷ് ബിജെപി പാളയത്തിൽ എത്തിയതിനെ വിമർശിച്ചതിന്റെ പ്രതികാരനടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ശരദ് യാദവിനെ അനുകൂലിക്കുന്നവർ പറയുന്നു. നിതീഷിന്റെ കാലുമാറ്റത്തിനുശേഷം ശരദ് യാദവ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജന സംവാദയാത്ര നടത്തിവരികയാണ്. യാത്രയിലുടനീളം യോഗങ്ങളിൽ നിതീഷിനെതിരെ രൂക്ഷമായ വിമർശനമാണ് ശരദ് യാദവ് ഉന്നയിക്കുന്നത്. ബിജെപി യുമായി സഖ്യം ഉണ്ടാക്കിയ നിതീഷ് കുമാർ ജനവിധിയെ വഞ്ചിച്ചിരിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. കൂടാതെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത ഛോട്ടുഭായ്‌ വാസവയെ ശരദ് യാദവ് പിന്തുണക്കുകയും ചെയ്തിരുന്നു. ഇതും നിതീഷിനെ ചൊടിപ്പിച്ചിരുന്നു.

തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് നടപടിയെടുക്കുകയാണ് നിതീഷ്. കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുത്തതിന് അൻവറലി എം.പി.യെ നേരത്തെ പുറത്താക്കിയിരുന്നു.