യു.പിയിലെ കുഞ്ഞുങ്ങളുടെ മരണം : കേന്ദ്രം വിശദീകരണം തേടി

#

ന്യൂഡല്‍ഹി (12-08-17) : ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ അറുപതോളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി.സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ, കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു സംഘം മെഡിക്കല്‍ വിദഗ്ദരെയും യു.പിയിലേക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അറുപത്തിമൂന്ന് കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയ്ക്ക് നല്‍കേണ്ട തുട കുടിശ്ശിക വരുത്തിയതിനാല്‍ അവര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കിയിരുന്നു. ഇത് സംബന്ധിച്ച് രണ്ട് തവണ സര്‍ക്കാരിനും അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും ഭാഗത്തു നിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ ഇടയാക്കിയതെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണത്തിലെ അപാകത മൂലമല്ല കുട്ടികള്‍ മരിച്ചതെന്ന വാദമാണ് സംസ്ഥാന ആരോഗ്യമന്ത്രി ഉയര്‍ത്തിയിരിക്കുന്നത്.