പി.സി.ജോര്‍ജ് കേരളത്തിന് അപമാനമായ പൊതുശല്യം ; ഇനി ശിക്ഷ വൈകരുത്

#

(12-08-17) : കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ പി.സി.ജോര്‍ജ്ജ് അപമാനിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്തും പറയാന്‍ പ്രത്യേക ലൈസന്‍സുള്ളയാളാണ് താനെന്നാണ് ജോര്‍ജ്ജ് കരുതുന്നത്. ആധുനിക സംസ്‌കാരത്തിനും ജനാധിപത്യ മര്യാദകള്‍ക്കും നിരക്കാത്ത രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ജോര്‍ജ്ജിന് തന്റെ ചെയ്തികള്‍ എത്രത്തോളം അപമാനകരമാണ് എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ജോര്‍ജ്ജിനെ നിയന്ത്രിക്കുകയും അദ്ദേഹത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.

ഏറ്റവും ഒടുവില്‍ സംസ്ഥാന വനിതാ കമ്മീഷനെയാണ് ജോര്‍ജ്ജ് പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ജോര്‍ജ്ജിനെതിരേ വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തതാണ് പ്രകോപനകാരണം. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം മൂലം നിലവില്‍ വന്ന അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ഒരു സ്ഥാപനത്തെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ് ജോര്‍ജ്ജ് ചെയ്യുന്നത്. വനിതാ കമ്മീഷന്‍ വിളിച്ചാല്‍ തോന്നുമെങ്കില്‍ പോകുമെന്നാണ് ജോര്‍ജ്ജ് പറയുന്നത്. വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ ഹാജരായി മൊഴി നല്‍കാന്‍ സംസ്ഥാനത്തെ ഏതു പൗരനും നിയമപരമായി ബാധ്യതയുണ്ട്. എല്ലാ പൗരന്മാര്‍ക്കും ബാധകമായ നിയമം തനിക്ക് ബാധകമല്ലെന്നാണോ ജോര്‍ജ്ജ് കരുതുന്നത്?

മുമ്പൊരിക്കല്‍, ഇലക്ട്രിസിറ്റി ബോഡിന്റെ ഒരു ഓഫീസില്‍ കടന്നുചെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേട്ടാല്‍ അറയ്ക്കുന്ന പുഴുത്ത തെറി വിളിച്ചയാളാണ് ജോര്‍ജ്ജ്. ജോര്‍ജ്ജ് തെറി വിളിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചപ്പോള്‍, ജീവനക്കാരുടെ കുറ്റം കൊണ്ടാണ് താന്‍ അവരെ തെറി വിളിച്ചതെന്നായിരുന്നു ജോര്‍ജ്ജിന്റെ വിശദീകരണം. നിയമസഭാംഗമായിരിക്കുമ്പോഴാണ് ജോര്‍ജ്ജിന്റെ തെറിവിളി എന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുൾപ്പെടെ ആരെയും വിമര്‍ശിക്കുകയും അവര്‍ക്കെതിരേ ഉത്തരവാദപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്യാനുള്ള അവകാശം പി.സി.ജോര്‍ജ്ജിനെന്നല്ല, ഏതൊരാള്‍ക്കുമുണ്ട്. പക്ഷേ, എന്തു തെറ്റിന്റെ പേരിലായാലും മറ്റൊരാളെ പുഴുത്ത തെറി വിളിക്കാന്‍  അവകാശമുണ്ടെന്ന് ഒരാൾ കരുതിയാൽ അത് അംഗീകരിക്കാനാവില്ലല്ലോ.

കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ മാണിയെ ഉപേക്ഷിച്ച് ജോസഫിന്റെ കൂടെപ്പോയ ജോര്‍ജ്ജ് മാണിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് മാണിക്കെതിരേ പറയാന്‍ ഇനി ഒന്നും ബാക്കിയില്ല. പിന്നീട് ജോസഫ് ഗ്രൂപ്പില്‍ നിന്ന് വിട്ടുമാറി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ജോര്‍ജ്ജ്, മാണിയുടെ കൂട്ടത്തില്‍ ജോസഫിനെയും കൂട്ടി ജോസഫിനെതിരേ വായില്‍ തോന്നുന്നതെല്ലാം പറഞ്ഞു. പിന്നീട് മാണിയുടെ നേതൃത്വം അംഗീകരിച്ച് വിനീത വിധേയനായി മാണിഗ്രൂപ്പില്‍ അഭയം തേടി പിന്നീട് വീണ്ടും "മാണിസ്സാര്‍", ജോര്‍ജ്ജിന്റെ കാണപ്പെട്ട ദൈവമായി. വീണ്ടും മാണിയെ ഉപേക്ഷിച്ചു. തക്കവും തരവും നോക്കി അഭിപ്രായം മാറ്റുന്ന പരിപാടി അഭംഗുരം തുടര്‍ന്നു. അതൊക്കെ ജോര്‍ജ്ജിന്റെ രാഷ്ട്രീയം. അതിന്റെ പ്രത്യാഘാതങ്ങള്‍ ജോര്‍ജ്ജ് സഹിക്കട്ടെ. പക്ഷേ, ജനാധിപത്യ സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നതും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.

പറയുന്നത് പി.സി.ജോര്‍ജ്ജല്ലേ, അതിനാരെങ്കിലും ഗൗരവം കല്പിക്കുമോ എന്ന വിചാരത്തില്‍ ജോര്‍ജ്ജ് പറയുന്നതെല്ലാം അവഗണിക്കുകയായിരുന്നു പതിവ്. മുമ്പ് ഇതേ പോലെയുള്ള പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴൊന്നും ശക്തമായ പ്രതികരണങ്ങളും നടപടികളുമുണ്ടാകാത്തതാണ് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് തീര്‍ത്തും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പി.സി.ജോര്‍ജ്ജിന് ധൈര്യം നൽകിയത് . ടി.വി.തോമസിനെയും കെ.ആര്‍.ഗൗരിയമ്മയെയും പോലെ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ പങ്കു വഹിച്ച മഹാനേതാക്കളെക്കുറിച്ച് ജോര്‍ജ്ജ് തരംതാണ ഭാഷയില്‍ സംസാരിച്ചപ്പോൾ ചില വിമർശനങ്ങൾ ഉണ്ടായി എന്നല്ലാതെ അർഹമായ ശിക്ഷ ജോർജിന് വാങ്ങി നൽകാൻ ആരും ശ്രമിച്ചില്ല. എം.എല്‍.എ ഹോസ്റ്റലില്‍ ക്യാന്റീന്‍ ജോലിക്കാരനായ പാവപ്പെട്ട ഒരു കൊച്ചു പയ്യന്റെ മുഖത്തടിച്ച കുറ്റത്തിനും ജോര്‍ജ്ജിന് ശിക്ഷ ലഭിച്ചില്ല. അങ്ങനെ എത്രയെത്ര നീതി നിഷേധങ്ങള്‍ !

സ്ത്രീകള്‍ക്കെതിരേയും നിയമവാഴ്ചയ്‌ക്കെതിരേയും ഇപ്പോള്‍ ജോര്‍ജ്ജ് നടത്തിയിരിക്കുന്ന ആക്രമണത്തിന് തക്കശിക്ഷ ലഭിച്ചില്ലെങ്കില്‍ കേരളീയ സമൂഹത്തിന് അപമാനമായ പൊതുശല്യമെന്ന നിലയില്‍ പി.സി.ജോര്‍ജ്ജ് ഇനിയും തഴച്ചു വളരും. വനിതാ കമ്മീഷനും കേരളീയ സമൂഹവും സന്ദര്‍ഭത്തിന് ഒത്തുയരുകയും ജോര്‍ജ്ജിനെ പിടിച്ചു കെട്ടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.