കിംസിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം: കോടതി ഉത്തരവുണ്ടായിട്ടും നീതി കിട്ടാതെ മാതാപിതാക്കൾ

#

കൊല്ലം (12-08-17) : കിംസിലെ നഴ്സിംഗ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തെക്കുറിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തുന്ന പുനഃരന്വേഷണം ക്രൈം ബ്രാഞ്ചിലെ എസ്.പി റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്‌ഥനെ  ഏൽപ്പിക്കണമെന്ന് ബന്ധുക്കൾ. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും സർക്കാരും ആശുപത്രിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചാൽ മാത്രമേ റോജിയുടെ മരണത്തിനു പിന്നിലെ സത്യം പുറത്തുവരൂ എന്നും ഇവർ കരുതുന്നു.

ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരുന്നു കേസ് മുൻപ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി സുരേന്ദ്രൻ റോജിയുടെ മരണം ആത്മഹത്യ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമുള്ള റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ തുടക്കത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കടുത്ത മാനസിക പീഡനം മൂലമാണ് റോജി റോയ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെ തള്ളുകയും കിംസ് മാനേജ്മെന്റിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് പിന്നീട് വന്ന അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. സ്വാധീനങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കുകയുള്ളു എന്ന് ബധിരരും മൂകരുമായ രക്ഷിതാക്കൾ ഉറച്ച് വിശ്വസിക്കുന്നു. കേസ് ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിലെ എസ്.പി റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കാകണമെന്നും അത്തരത്തിലുള്ള  പുനഃരന്വേഷണത്തെ മാത്രമേ സ്വാഗതം ചെയ്യൂ എന്നും ആക്ഷൻ കൗൺസിൽ കൺവീനർ സഞ്ജയ് നല്ലില പറഞ്ഞു.

റോജിയുടെ മരണം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി വിധിന്യായത്തിൽ ഉന്നയിക്കുന്നത്. ബധിരരും മൂകരുമായ മാതാപിതാക്കൾ, തങ്ങളുടെ മകളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ തള്ളിക്കളയുവാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഹർജിയിൽ അവർ ആരോപിച്ചകാര്യങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത അന്വേഷണ സംഘത്തിനുണ്ട്എന്നും പറഞ്ഞു. വിധി വന്ന് മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച പുനരന്വേഷണം നടത്തി പരാതിക്കാർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾക്ക് വിശദീകരണം നൽകണമെന്നും  വിശദീകരണത്തിൽ തൃപ്തരല്ലാത്ത പക്ഷം ഹൈക്കോടതിയെത്തന്നെ  വീണ്ടും സമീപിക്കുവാനുള്ള ഹർജ്ജിക്കാരുടെ അവകാശം നിലനിർത്തുന്നതായും ഹൈക്കോടതി പറഞ്ഞു.

2014 നവംബർ ആറിന് കിംസ്നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥി ആയിരുന്ന റോജി റോയ് കിംസ് ആശുപത്രിയുടെ പത്താം നിലയിൽനിന്ന് ചാടി മരിക്കുകയായിരുന്നു. റാഗ് ചെയ്തുവെന്ന ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയും അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനവുമാണ്റോജിയുടെ മരണത്തിന് കാരണം എന്ന് സംഭവം ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. എന്നാൽ തുടർന്ന് അന്വേഷിച്ച ഉദ്യോഗസ്ഥരും സർക്കാരും കിംസിന് അനുകൂല നിലപാട് എടുത്തതോടെയാണ് മാതാപിതാക്കൾ പുനഃരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.