യു.എൻ.എ സംസ്ഥാന സെക്രട്ടറിയെ പുറത്താക്കാൻ മാനേജ്മെന്റ് നീക്കം

#

തൃശ്ശൂർ (12-08-17) : അവകാശങ്ങൾക്കായി പോരാട്ടം നടത്തുന്ന നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ അവസാനിക്കുന്നില്ല.അശ്വനി ഹോസ്പിറ്റലിന് പിറകെ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയാണ് നഴ്സുമാർക്കെതിരെ കടുത്ത നടപടികളുമായെത്തിയിരിക്കുന്നത്.

ആശുപത്രിയിൽ നടക്കുന്ന ക്രമക്കേടുകൾ ചോദ്യം ചെയ്തതിന്റെ പേരിലാണ് യു.എൻ.എ സംസ്ഥാന സെക്രട്ടറി എം.വി സുധീപ് അടക്കമുള്ളവർ ഇപ്പോൾ മാനേജ്മെന്റിന്റെ പുറത്താക്കൽ ഭീഷണി നേരിടുന്നത്.ഇതിന് പുറമെ അനാവശ്യ കാരണങ്ങൾ നിരത്തിസാലറി കട്ട് ചെയ്യൽ അടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പുതിയതായി ജോയിൻ ചെയ്ത ഓപ്പറേഷൻ മാനേജറും ഡെപ്യൂട്ടി നഴ്സിംഗ് മേധാവിയുമാണ് പ്രതികാര നടപടികൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് നഴ്സുമാർ പറയുന്നത്.

സർക്കാർ ഉടമ്പടി പ്രകാരം നഴ്സുമാർക്ക് 50% ശമ്പള വർദ്ധനവ് നൽകിയെങ്കിലും പിന്നീട് രോഗി ബിൽ അടച്ചില്ല വെൻെറിലേറ്റർ കേടുവന്നു തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ശമ്പളത്തിൽ നിന്ന് തുക പിടിച്ചു തുടങ്ങി.കൂടാതെ ഇനി മുതൽ ഷിഫ്റ്റ് ഡ്യൂട്ടി ഉണ്ടാകില്ലെന്നും ജനറൽ ഡ്യൂട്ടിയും അതിനൊപ്പം നൈറ്റ് ഡ്യൂട്ടിയും ചെയ്യണമെന്നും അറിയിച്ചിരുന്നു. ഇത്തരം അട്ടിമറി നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്താനാണ് നഴ്‌സുമാരുടെ തീരുമാനം.

ഏതായാലും ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.എൻ.എ.സമരം സംബന്ധിച്ച് മാനേജ്മെന്റിനും ലേബർ ഡിപ്പാർട്ട്മെന്റിനും ഹൈക്കോടതിയിലും നോട്ടീസ് നൽകിയതായ് സമരപ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.