സംഘപരിവാര്‍ അജണ്ടയ്ക്ക് വളമിടുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴി തോണ്ടികളാകുന്നു: ശശികുമാര്‍

#

കോഴിക്കോട് (12-08-17) : സംഘപരിവാര്‍ അജണ്ടയ്ക്ക് വളമിടുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴി തോണ്ടുന്ന പ്രവണതയാണ് കാണിക്കന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാര്. ചില മാധ്യമങ്ങളുടെ നിലപാടുകള്‍ ആര്‍.എസ്.എസ്-ബി.ജെ.പി അജണ്ടയ്ക്ക് കരുത്തു പകരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അജണ്ടകള്‍ക്കു നേരെ മൗനം പാലിക്കുന്നതും വാര്‍ത്തകള്‍ ഒഴിവാക്കുന്നതും  യഥാർത്ഥത്തിൽ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് വളമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.മന: പൂർവ്വം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ച പേടികൾക്ക് മാധ്യമങ്ങളടക്കം വഴിപ്പെട്ടത് ആശങ്കാജനകമാണ്. ഫാസിസത്തുള്ള വഴിയൊരുക്കലാണിത്. കോഴിക്കോട് നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഭാവുക ഹിന്ദുത്വവും തീവ്രദേശീയതയും  മുഖമുദ്രയായി  സ്വീകരിച്ച ആര്‍.എസ്.എസ്, ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ളതിനെയെല്ലാം ശത്രുവായി കാണുന്നു. സവര്‍ക്കറുടെ കാലം മുതല്‍ രൂപം കൊണ്ടുവന്നതും അവലംബിക്കുന്നതുമായ രീതിയാണിത്. ഒരുകാലത്ത് സുഹൃത്തായിരുന്ന ചൈനപോലും ശത്രുവായി മാറിയതിന് പിന്നില്‍ ഈ ആശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദുവൽക്കരണം മാധ്യമ മേഖലയിൽ കൈകടത്തിക്കഴിഞ്ഞു. അത് അവരുടെ അജണ്ടയായിരുന്നെന്നും അതിൽ പൂർണമായും വിജയിക്കാൻ ആർ എസ്സ് എസ്സിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി യഥാർത്ഥത്തിൽ ഹിന്ദുയിസത്തിന് തന്നെ അപമാനമാണ്.

ഫാഷിസം അതിന്റെ വേരുകള്‍ ബോധപൂർവ്വം ഉറപ്പിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യ. ജര്‍മനിയിലേയും ഇറ്റലിയിലേയും പോലുള്ള അവസ്ഥയിലേക്ക് ഇന്ത്യയില്‍ ഫാഷിസം വളര്‍ന്നിട്ടില്ലെങ്കിൽ പോലും  അതിന്റെ അനുകരണങ്ങൾ വ്യക്തമാകുന്നുണ്ടെന്നും  അത് തിരിച്ചറിയാന്‍ മാധ്യമങ്ങളടക്കം തയ്യാറാകണമെന്നും ശശികുമാർ  അഭിപ്രായപ്പെട്ടു.

ഫാസിസത്തിന്റെ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാധ്യമ പ്രവർത്തകരായ എൻ പി രാജേന്ദ്രൻ, ടി പി ചെറൂപ്പ, ടി എം ഹർഷൻ, കെ കെ ഷാഹിന തുടങ്ങിയവർ സംസാരിച്ചു.