പ്രതികാരം തീർത്ത് പി.യു ചിത്ര : അഷ്ക്കാബാദിൽ സ്വർണ്ണം

#

അഷ്‌ക്കാബാദ് (20-09-17) :  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തന്നെ തഴഞ്ഞവരോട് പ്രതികാരം വീട്ടി പി.യു ചിത്രയുടെ സ്വര്‍ണ്ണനേട്ടം. അഷ്‌ക്കാബാദില്‍ നടക്കുന്ന എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ ആയിരത്തി അഞ്ചൂറ് മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണ്ണനേട്ടം.

യോഗ്യത ഉണ്ടായിട്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്നും പി.യു ചിത്രയെ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു. സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന് പറഞ്ഞാണ് പി.ടി ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവരുള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റി ചിത്രയെ പുറത്താക്കിയിരുന്നത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500മീറ്ററില്‍ സ്വര്‍ണം നേടിയത് കണക്കാക്കാതെയായിരുന്നു ചിത്രയെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നത്.

വിവാദ തീരുമാനത്തിനു ശേഷം ചിത്രയ്ക്ക് വേണ്ട യോഗ്യതയില്ലായിരുന്നുവെന്നും എന്നിട്ടും ചിത്രയ്ക്കായി താന്‍ വാദിച്ചിരുന്നുവെന്നും സെലക്ഷന്‍ കമ്മറ്റിയംഗമായ പി.ടി ഉഷ പറഞ്ഞിരുന്നു. എന്നാല്‍ ഉഷയുടെ വാദത്തെ ഫെഡറേഷന്‍ തള്ളിയിരുന്നു. ഉഷയുടെ അറിവോടെയാണ് ചിത്രയെ മാറ്റി നിര്‍ത്തിയതെന്നായിരുന്നു ഫെഡറേഷന്‍ വ്യക്തമാക്കിയത്. പിന്നാലെ ഉഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയും കായിക പ്രേമികളും വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.