തൊഴില്‍രംഗത്തെ വനിതാവത്ക്കരണം ശക്തമാക്കി സൗദിഅറേബ്യ

#

റിയാദ് (04-10-17) : സൗദി അറേബ്യ ടൂറിസ- കായിക മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് തൊഴിലവസരം പദ്ധതിയിടുന്നു. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

നിലവിൽ സൗദി ടൂറിസം അതോറിറ്റി, സ്‌പോര്‍ട്‌സ് അതോറിറ്റി എന്നിവയുമായി തൊഴില്‍ മന്ത്രാലയം ധാരണ ഒപ്പുവെച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ കൂടുതല്‍ നിയമനം നടത്താനാകുമെന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ പ്രതീക്ഷ. കായിക മേഖലയിലെ വര്‍ദ്ധിക്കുന്ന തൊഴിലവസരങ്ങള്‍ കണക്കിലെടുത്താണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുമായും ധാരണപത്രം ഒപ്പവെച്ചത്. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ദേശീയ ആഘോഷ, വിനോദ പരിപാടികള്‍ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാവുമെന്നും തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നു. സ്വദേശി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണിപ്പോള്‍ ശ്രമം. ഇതിന്റെ ഭാഗമായി തൊഴില്‍ രംഗത്തെ വനിതാവത്ക്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.