കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം

#

കോഴിക്കോട് (09/10/2017) : ജനരക്ഷാ യാത്രയ്ക്കിടെ കുമ്മനം രാജശേഖരന്‍ മാറാട് പ്രസംഗിച്ച രീതി വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതാണെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ജിഹാദി ഭീകരര്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ് തുടക്കംകുറിച്ച സ്ഥലമാണ് മാറാട് എന്നാണ് പ്രസംഗത്തില്‍ കുമ്മനം പറഞ്ഞത്.

മുന്‍കാലങ്ങളില്‍ മാറാടുണ്ടായ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അക്രമങ്ങളുടെയും തുടക്കം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 1986 ല്‍ ബേപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം മത്സ്യത്തൊഴിലാളിയായ ബിച്ചിക്കോയയെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയതില്‍ നിന്നാണ്. 2002ല്‍ പരീച്ചന്റകത്ത് കുഞ്ഞിക്കോയയെ കൊലപ്പെടുത്തിക്കൊണ്ട് മാറാട് കലാപത്തിന് തുടക്കമിട്ടതും ആര്‍എസ്എസ്സും ബിജെപിയുമായിരുന്നു.

സി.പിഐ.എമ്മും മറ്റ് ജനാധിപത്യ മതനിരപേക്ഷ ശക്തികളും കാലങ്ങളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് മാറാട് സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനായത്. ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയെ ശക്തമായി എതിര്‍ത്തു പോരുന്നത് സി പി എം ആയതുകൊണ്ടാണ്, പേരോത്ത് രാജീവ്, മണ്ണടത്ത് സജീഷ് എന്നീ പാര്‍ട്ടി പ്രവര്‍ത്തകരെ ബേപ്പൂരില്‍ ആര്‍ എസ് എസ്-ബി ജെ പി സംഘം കൊലപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ജിഹാദികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്യുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വം 1991ല്‍ ഇതേ ജിഹാദികളുമായി സഖ്യം ഉണ്ടാക്കിയത് ആരും മറക്കാനിടയില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

വര്‍ഗീയ വികാരം ഇളക്കിവിട്ട് കലാപത്തിന് തിരികൊളുത്താന്‍ കഴിയുന്ന പ്രദേശമാണെന്ന മുന്‍കാല അനുഭവത്തില്‍നിന്നായിരിക്കും കുമ്മനത്തിന്റെ പുതിയ പ്രതികരണമെന്നും കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രതപാലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു.