അനുപംഖേര്‍ പുതിയ തമാശയെന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍

#

പൂന (12-10-17) : അനുപംഖേറിനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചത് പുതിയ തമാശയാണെന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍. നിലവിലെ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനുപം ഖേറിനെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചത്. എന്നാല്‍ ഇരുവരും ഒരേ തരക്കാരാണ് എന്ന രീതിയിലാണ് പുതിയ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

സ്വന്തം നിലയ്ക്ക് ആക്ടിങ് സ്‌കൂള്‍ നടത്തുന്ന അനുപം ഖേറിനെ എങ്ങനെയാണ് ചെയര്‍പെഴ്സണായി നിയമിക്കുകയെന്ന് വിദ്യാര്‍ത്ഥി നേതാക്കളിലൊരാളായ ഹരിശങ്കര്‍ നാച്ചിമുത്തു ചോദിച്ചു. പ്രധാനമന്ത്രി മോദിയുടെ പ്രചാരകനായ അനുപം ഖേറും ഗജേന്ദ്ര ചൗഹാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും വിദ്യാര്‍ത്ഥികള്‍ കാണുന്നില്ലെന്നും സര്‍ക്കാരില്‍ നിന്ന് ഇത് തന്നെയാണ് പ്രതീക്ഷിച്ചതെന്നും നാച്ചിമുത്തു പറഞ്ഞു.

മോദി അനുകൂലിയായ അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പിയുടെ എം.പിയാണ്.