കണ്ണൂരിൻ താരകം എ.കെ.ജി സെന്ററിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്തുകൊണ്ട് ?

#

(14-11-17) : പി.ജയരാജന്‍ കണ്ണൂരിൻ താരകമായും ചെഞ്ചോരപ്പൊന്‍കതിരായും മാറുമ്പോള്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ  സംസ്ഥാന നേതൃത്വത്തിന് അസ്വസ്ഥതയുണ്ടാവുന്നതില്‍ അത്ഭുതമില്ല. തങ്ങള്‍ പിന്തുടര്‍ന്ന അതേ പാത ജയരാജനും പിന്തുടര്‍ന്നാല്‍, പാര്‍ട്ടിയുടെ മേലുള്ള തങ്ങളുടെ അപ്രമാദിത്വം കുറയുമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ ഒരു ജില്ല വിഴുങ്ങുന്നത് ആ പാര്‍ട്ടിയുടെ സംസ്‌കാരം, ചരിത്രം. പക്ഷേ, വ്യക്ത്യാരാധന അതിരുവിടുന്നത് തെളിയിക്കുന്നത് ഒന്നുമാത്രം. അതും പലപ്രാവശ്യം, പ്രത്യകിച്ചും, ഭരണത്തിലിരിക്കുമ്പോള്‍ തെളിയിച്ച കാര്യം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മറ്റു ഇന്ത്യന്‍ ജനാധിപത്യ പാര്‍ട്ടികളെപ്പോലെ വെറും ഒരു ബൂര്‍ഷ്വാ സംഘടന തന്നെ. ജയരാജന്‍ കണ്ണൂര്‍ മസാല വിപ്ലവപ്പാട്ടുകളിലൂടെ സ്റ്റാറാവാന്‍ ശ്രമിക്കുന്നതും വാഷിംഗ്ടണ്‍ പോസ്റ്റിലെ പോഴത്തരത്തിലൂടെ തോമസ് ഐസക് ആഗോള കമ്മ്യൂണിസ്റ്റാവാന്‍ ശ്രമിക്കുന്നതും ഇതു കൊണ്ട് തന്നെ. അത് പിണറായിക്കും കോടിയേരിക്കും ഇഷ്ടപ്പെടാന്‍ ഒരു സാധ്യതയും ഇല്ല. കാരണം ബൂര്‍ഷ്വാ പാര്‍ട്ടികളുടെ രീതി  അങ്ങനെയാണ്.

കണ്ണൂരില്‍ നിന്നും പ്രചരിക്കുന്ന ജയരാജന്റെ സ്തുതി ഗീതങ്ങള്‍ അപഹാസ്യമാണ്. തമിഴ്‌നാട്ടില്‍ ജയലളിതയ്ക്കും ഇന്ദിരാഗാന്ധിയുടെ കാലത്ത് അവര്‍ക്കും സ്തുതി പാടി നടന്നവര്‍ക്ക് മുകളിലാണ്  ജയരാജന്റെ ആരാധകവൃന്ദം. ഇത് ഒരു കൾട്ടാണ്. കൾട്ടുകൾ ജനാധിപത്യത്തിന് ചേരുന്നതല്ല.

ജനാധിപത്യവുമായുള്ള സമരസപ്പെടല്‍ വെറുമൊരു അടവാണെന്നും ആത്യന്തികമായി വിപ്ലവം തന്നെയാണ് തങ്ങളുടെ മാര്‍ഗ്ഗമെന്നും ഇപ്പോഴും പറയുന്ന നേതാക്കളുള്ള "വിപ്ലവപ്പാര്‍ട്ടി"യാണ് സി.പി.എം. നിയോലിബറല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത കഴിവുകേടാണ് തങ്ങളുടെ ഭരണനയങ്ങളെന്നും (ഇന്ത്യയുടെ മൂന്നുശതമാനം മാത്രം ജനവാസമുള്ള കേരളത്തില്‍ മാത്രമാണെങ്കിലും) അവര്‍ വാദിക്കുന്നു.

വിപ്ലവത്തിലേക്കുള്ള ഈ അടവുപാത എത്രവര്‍ഷം നീണ്ടു നില്‍ക്കുമെന്ന് അവര്‍ പറയില്ല. ഇ.എം.എസ് തന്നെ അത് ഉടനെയൊന്നുമുണ്ടാവില്ല എന്നും, പക്ഷേ വരും തലമുറകള്‍ക്ക് കാണാനാവും എന്നും പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ.

അപ്പോള്‍, ആ അടവിന്റെ ഭാഗമായി, സ്വയം ബൂര്‍ഷ്വാവത്ക്കരിച്ച പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ട് തന്നെയാണ്, അതുകൊണ്ട് മാത്രമാണ്, മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ കാണുന്നതിനോടൊപ്പമോ, അതിലേറെയോ ജീര്‍ണ്ണതയും മുതലാളി പ്രീണനവും പ്രകടനപരതയും ദരിദ്ര വിരുദ്ധതയും വ്യക്ത്യാരാധനകളും വ്യക്ത്യധിഷ്ഠിത കൾട്ടുകളും ആ പാര്‍ട്ടിയില്‍ കാണുന്നത് ; ഡെമോക്രാറ്റിക് സെന്‍ട്രലിസമെന്നു പറയുന്നത് ഒരു വ്യക്തിയുടെയോ ഒരു കോക്കസിന്റെയോ മാത്രം സെന്‍ട്രലിസമായി മാറുന്നത്. ഇപ്പോഴത്തെ ഭരണകാലത്ത്, ഈ ജീര്‍ണ്ണതകള്‍ അവയുടെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. ഇത്തവണ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴുണ്ടായ പ്രധാന ഭരണപരമായ പ്രസ്താവനകളൊന്നും ജന നന്മയ്ക്കും ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് ആ പ്രസ്താവനകളിൽ, വമ്പൻ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളും "സിലിക്കോണ്‍ വാലി ഹബ്ബു"കളും നെടുങ്കന്‍ ദേശീയ പാതകളും അതിവേഗ ട്രയിനുകളും ധാരാളം സ്വകാര്യ നിക്ഷേപങ്ങളുമുണ്ടായിരുന്നു. ഇതൊക്കെ തന്നെയാണ് നരേന്ദ്രമോദിയുടെ സര്‍ക്കാരും പറഞ്ഞതും ചെയ്യാതെ പോയതും.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നൽകുന്ന സർക്കാർ എന്ന നിലയ്ക്ക് ഈ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്, ഇന്ത്യന്‍ മുതലാളിത്ത ഘടനയില്‍ നിന്നുകൊണ്ട് തന്നെ എങ്ങനെ ഒരു വെല്‍ഫയര്‍ സ്റ്റേറ്റ് കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചാലോചിക്കുകയായിരുന്നു- ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതു പോലെ. എന്തേ അത്തരത്തില്‍ ചിന്തിക്കാന്‍ പോലും പിണറായിക്കായില്ല? വികസനമെന്നാല്‍ റോഡുകളും ഹോട്ടലുകളും അതിവേഗ തീവണ്ടികളും സ്വകാര്യ സ്ഥാപനങ്ങളുമാണെന്ന തോന്നല്‍ അദ്ദേഹത്തിന് എങ്ങനെയുണ്ടായി?

ഏത് വെല്‍ഫയര്‍ സ്റ്റേറ്റിന്റെയും നെടുംതൂണുകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഈ രണ്ടു രംഗങ്ങളിലും എന്താണ് ഇവരുടെ പോളിസി? ഇന്‍ഷുറന്‍സും സൗജന്യ ചികിത്സയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്ത പോളിസി പുംഗവന്‍മാരാണ് ഈ ഗവണ്‍മെന്റിനെ നയിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ അപകടകരമായ സ്വകാര്യവത്ക്കരണം തടയാന്‍ ക്ലാസ് റൂമുകളില്‍ ടെക്‌നോളജി വാരി വിതറിയാല്‍ മതിയെന്നു കരുതുന്ന ഭരണാധികാരികള്‍ ജീവിക്കുന്നത് കേരളത്തിലോ, ആന്ധ്രയിലോ? കേരളം ഭരിക്കുന്നത് ചന്ദ്രബാബു നായിഡുവോ, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവോ?

ഇത്തരത്തിലുള്ള ബൂര്‍ഷ്വാ അറിവ്‌കേടാണ് കായല്‍രാജാക്കന്മാരെയും ഗള്‍ഫില്‍ നിന്ന് വരുന്ന പണച്ചാക്കുകളെയും സംരക്ഷിക്കുന്നത്. കേരളത്തിലെ അസമത്വം വളര്‍ത്തിയത്, മന്‍മോഹന്‍സിംഗിന്റെ ഉദാരവത്ക്കരണത്തിലേറെ, കള്ളപ്പണത്തില്‍ തഴച്ചുവളര്‍ന്ന റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടമാണ്. ഭൂമിയില്ലാത്തവനും അത് ആവശ്യത്തിലേറെയുള്ളവനും തമ്മിലുള്ള അന്തരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക-സാമ്പത്തിക ദുരന്തങ്ങളിലൊന്ന്. നാടെങ്ങും തഴച്ചുവളരുന്ന സ്വകാര്യ ആശുപത്രി സമുച്ചയങ്ങള്‍ക്ക് അടിയറവ് പറയുന്ന നമ്മുടെ ആരോഗ്യ മേഖല കേരളത്തെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിടുകയാണ്.

നമുക്കു ചുറ്റും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക രീതികളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ, ഒരു വശത്ത് അതിനോട് പ്രത്യയശാസ്ത്ര യുദ്ധം പ്രഖ്യാപിക്കുകയും മറുവശത്ത് രഹസ്യമായും പരസ്യമായും അതിന് അടിയറവ് പറയുകയും, സാധിക്കുമെങ്കില്‍ തങ്ങളുടെ "ക്രോണി"കളെ അതിന്റെ ഉപഭോക്താക്കളായി മാറ്റുകയും ചെയ്യുന്നതാണ് ഇവരുടെ അടവ് നയം. ബൂര്‍ഷ്വാ പാര്‍ട്ടികളെ പേടിക്കേണ്ട, കാരണം അവര്‍ക്ക് ഒളിക്കാനൊന്നുമില്ല. പക്ഷേ വിപ്ലവം നടിക്കുന്ന ബൂര്‍ഷ്വകളെ പേടിക്കണം. കാരണം അവര്‍ നമ്മളെ പറഞ്ഞു പറ്റിക്കുകയാണ്.

കണ്ണൂരില്‍ നിന്നുള്ള ജയരാജഗീതങ്ങളും വീഡിയോ ശില്‍പങ്ങളും കാണുമ്പോള്‍ അവിടെ ബൊളീവിയന്‍ മാതൃകയില്‍ എന്തോ വിപ്ലവം നടക്കുകയാണെന്നും ജയരാജന്‍ ഭൂവുടമകളെയും  മുതലാളി വര്‍ഗ്ഗ ഭീകരരെയും നാടു കടത്തി തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണെന്നുമാണ് തോന്നുക. തമിഴ്‌നാട്ടില്‍ എം.ജി.ആറിനെക്കുറിച്ചും ജയലളിതയെക്കുറിച്ചുമൊക്കെ പാടിയ "വിപ്ലവഗാനങ്ങളാ"ണ് ഇത് കാണുമ്പോള്‍ ഓര്‍മ വരിക. എം.ജി.ആര്‍ വിപ്ലവത്തലവനായിരുന്നു (പുരട്ചി തലൈവർ) ! എന്തു വിപ്ലവം? ജയലളിത വിപ്ലവനായികയായിരുന്നു (പുരട്ചി തലൈവി)! ഏതു വിപ്ലവം?

മുമ്പ് എഴുതിയ പോലെ, ഗള്‍ഫുകാരന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വെര്‍ച്ച്വല്‍ വിപ്ലവമാണ് കേരളത്തില്‍. തെങ്ങിന്റെ മണ്ട വരെ പാഴ്‌ചെടികള്‍ വളര്‍ന്ന, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ പട്ടിണികിടന്നു മരിക്കുന്ന, നൂറുകണക്കിന് ഹെക്ടര്‍ കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയകളെ മാടി വിളിക്കുന്ന വിപ്ലവഭൂമിയാണ് കേരളം. അത് ഭരിക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടിയാണ് സി.പി.എം.

അവിടെ താരങ്ങളുണ്ടായേ മതിയാവൂ. വ്യക്തികളാണ് പ്രധാനം, പ്രത്യയ ശാസ്ത്രമല്ല. ക്രോണീക്യാപ്പിറ്റലിസമാണ് നയം, ജന നന്മയല്ല. എല്ലാം എന്നോ വരാന്‍ പോകുന്ന വിപ്ലവത്തിനു വേണ്ടിയുള്ള അടവാണെന്നു കരുതി അണികള്‍ ഗള്‍ഫില്‍ നിന്നു പണമയച്ചുകൊണ്ടിരിക്കും. ഫ്‌ളക്‌സുകളിലൂടെയും ചോരച്ചെങ്കൊടിയിലൂടെയും വീഡിയോ ആല്‍ബങ്ങളിലൂടെയും സംഗീത ശില്പങ്ങളിലൂടെയും ജയരാജന്‍മാര്‍ ഈ ഭൂമിയില്‍ വിപ്ലവം തുടരും.