കൂട്ടുത്തരവാദിത്വം നഷ്ടപെട്ട മന്ത്രിസഭ പിരിച്ചുവിടണമെന്ന് കുമ്മനം

#

(16-11-17) : മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്‍റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്‍റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്‍റേയും മുഖ്യമന്ത്രിയുടേയും പിടിപ്പുകേടാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കാനമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കുമ്മനം പറഞ്ഞു.

മന്ത്രിപദവിയിലിരുന്നു കൊണ്ട് സർക്കാർ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്‍റെ ലംഘനമാണെന്ന് പറയുന്ന കാനം സിപിഐ മന്ത്രിമാര്‍ ചെയ്ത നടപടി എന്താണെന്ന് വിശദീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പട്ടു. മുഖ്യമന്ത്രി വിളിച്ച ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം ചേർന്നത് ഏത് കൂട്ടുത്തരവാദിത്തത്തിന്‍റെ പേരിലാണെന്ന് അറിയാൻ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി ആ മന്ത്രിസഭയിൽ തുടരാൻ ധാർമ്മിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണം. രണ്ടാമത്തെ വലിയ കക്ഷി തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഇടത് മുന്നണി മന്ത്രിസഭ എന്നത് സാങ്കേതികമായി ഇല്ലാതായി. മന്ത്രിമാർ ക്യാബിനറ്റിന് കീഴ്പ്പെട്ട് പ്രവർത്തിക്കണം എന്ന ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ അസാധാരണ സാഹചര്യത്തിൽ മന്ത്രിസഭ പിരിച്ചു വിടുകയാണ് ഏക പോംവഴിയെന്ന് കുമ്മനം പറഞ്ഞു.