സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി

#

ന്യൂഡല്‍ഹി (07-12-17) : വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പുതുതായി കാര്‍ഡ് എടുത്ത് വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ 2018 മാര്‍ച്ച് 31വരെ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഡിസംബര്‍ 31 തന്നെയാകും അവസാന തിയതിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് അടുത്ത ആഴ്ച സുപ്രീംകോടതി പരിശോധിക്കും. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. അതേ സമയം, ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

നിലവില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതികള്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക്‌  2018 ഫെബ്രുവരി 6, പാന്‍ കാര്‍ഡിന് 2017 ഡിസംബര്‍ 31, ബാങ്ക് അക്കൗണ്ടിന് 2017 ഡിസംബര്‍ 31, പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് 2017 ഡിസംബര്‍ 31, സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക്  2017 ഡിസംബര്‍ 31 എന്നിങ്ങനെയാണ്.

രാജ്യത്ത് 118 കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു.  ഇവരെല്ലാം ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ട്, റേഷന്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കാനാകില്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.