സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ : ചർച്ചയിൽ പങ്കെടുത്തവരെ സംഘടനയിൽ നിന്ന് പുറത്താക്കി

#

തിരുവനന്തപുരം (01-01-18) : ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. ചർച്ചയിൽ പുതിയ ഉറപ്പുകളൊന്നും ലഭിക്കില്ലെന്ന് സമരം നടത്തുന്ന ഡോക്ടർമാർ ആരോപിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിച്ചെന്നുമായിരുന്നു സമരസമിതി ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുമായി ചർച്ച നടത്തിയ ഭാരവാഹികളെ പുറത്താക്കിയ ശേഷമാണ് സമരം തുടരുമെന്ന് ഇന്ന് രാവിലെ പ്രഖ്യാപിച്ചത്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രൊമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പി.ജി വിദ്യാർഥികൾ ഉന്നയിച്ചത്. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചർച്ചയിൽ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല പകരം സീനിയര്‍ റെസിഡന്റ് തസ്തികകള്‍ കൂടുതലായി സൃഷ്ടിക്കും. പി.ജി. സീറ്റുകളും വര്‍ധിപ്പിക്കും. ആരോഗ്യവകുപ്പില്‍ ആറു മാസത്തിനകം നിലവിലുള്ള ഒഴിവുകള്‍ നികത്തും. താമസംകൂടാതെ നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി.യോട് ആവശ്യപ്പെടുമെന്നും  മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടനാ ഭാരവാഹികൾ സമരം പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. സമരസമിതി പ്രതിനിധികളായ ഡോ. രാഹുല്‍ യു.ആര്‍., ഡോ. മിഥുന്‍ മോഹന്‍, ഡോ. രോഹിത് കൃഷ്ണ, ഡോ. മുനീര്‍, ഡോ. ജിനേഷ്, ഡോ. അജിത്ത്, അഖില്‍ മോഹനന്‍ എന്നിവരാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തത്.

ഇവരെ പുറത്താക്കിയാണ് സമരം തുടരുന്നത്. ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടി ബഹിഷ്‌കരിച്ചായിരിക്കും സമരം. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കെത്തുമെന്നും സമരക്കാര്‍ അറിയിച്ചു.