ഹോമങ്ങളുടെ സംരക്ഷണത്തിന് ഇ.പി.ജയരാജൻ മുൻകൈ എടുക്കുമോ? : കുമ്മനം

#

(12-01-18) :  ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാർക്സിസ്റ്റ് പ്രസ്ഥാനം എത്തി ചേർന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്‍റെ വാക്കുകളിൽ കൂടി പുറത്തു വന്നതെന്നും ഇന്നലെ വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോൾ നടത്തിയ കടകംമറിച്ചിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമെന്ന് തിരിച്ചറിഞ്ഞാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു. ഇ പി ജയരാജന്‍റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പറയണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്ന് പറയുന്ന ജയരാജൻ ഇവയുടെ പ്രചരണത്തിനും സംരക്ഷണത്തിനും മുൻകൈ എടുക്കുമോ എന്ന് കുമ്മനം ചോദിച്ചു.. ആയിരക്കണക്കിന് വർഷങ്ങള്‍ മുൻപുള്ള ക്ഷേത്രാചാരങ്ങളെപ്പറ്റി ശാസ്ത്രലോകം ഇന്ന് നീരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നു എന്ന് പറയുന്ന ജയരാജൻ ഇത്ര നാളും സ്വീകരിച്ച നിലപാടുകൾക്കും പ്രചരണത്തിനും ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.