ദേശീയ വാഴ മഹോത്സവം 2018: ഫോട്ടോഗ്രാഫി മത്സരം

#

തിരുവനന്തപുരം (16-01-18) : 2018  ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളായണി മൈതാനിയിൽ വച്ച് നടക്കുന്ന  ദേശീയ വാഴ മഹോത്സവത്തോടനുബന്ധിച്ച്  ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ ) നേതൃത്വത്തിലാണ് ദേശീയ വാഴ മഹോത്സവം നടത്തുന്നത്. വാഴ മുഖ്യ വിഷയമാകുന്ന  ഫോട്ടോഗ്രാഫി  മത്സരത്തിൽ കർഷകർ,  കൃഷിസ്ഥലം, ഉപോല്‍പ്പന്നം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ടിഷ്യൂ കൾച്ചർ, ജൈവവൈവിദ്ധ്യം, വിളകൾ തുടങ്ങിയ വിഷയങ്ങളിലുള്ള  ചിത്രങ്ങളാണ് മത്സരത്തിനായി ക്ഷണിച്ചിരിക്കുന്നത്.   മത്സരത്തിനായുള്ള ചിത്രങ്ങൾ  ഫെബ്രുവരി പത്തിന്  മുൻപ് സമർപ്പിക്കേണ്ടതുണ്ട്. ഫെബ്രുവരി 13 -ന് വിധി നിർണ്ണയവും 17  മുതൽ 21 വരെ ചിത്രങ്ങളുടെ പ്രദർശനവും നടത്തും.

ഒന്നാം സ്ഥാനത്തിന് 10000 രൂപ, രണ്ടാം  സ്ഥാനത്തിന് 7000 രൂപ, മൂന്നാം സ്ഥാനത്തിന് 5000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. കൂടാതെ 2000  രൂപയും  സർട്ടിഫിക്കറ്റും അടങ്ങുന്ന  രണ്ട്  പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഇതിനു പുറമെ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

കളറിലോ ബ്ലാക്ക് ആൻഡ് വൈറ്റിലോ ഉള്ള  10 ചിത്രങ്ങളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്. 12 x18 ഇഞ്ച് സൈസിലുള്ള  ചിത്രങ്ങൾ ഡിവിഡിയിലോ  പ്രിൻറ് രൂപത്തിലോ നൽകാവുന്നതാണ്. അയയ്ക്കുന്ന ചിത്രങ്ങൾ  1400 x1600 പിക്സലിലും  ജെപിഇജി ഫോർമാറ്റിലും  ആർജിബി കളറിലുമുള്ളവയായിരിക്കണം. ചിത്രത്തിന്റെ  പരമാവധി സൈസ്  മൂന്ന് എംബിയിൽ അധികം ആകാനും പാടില്ല. അയക്കുന്ന ചിത്രത്തിൽ വേണ്ടിവന്നാൽ കളർ കറക്ഷൻ, ഷാർപ്പനിങ്ങ്  തുടങ്ങിയ  മാറ്റങ്ങൾ മാത്രമേ വരുത്തുവാൻ പാടുള്ളു.

ഡിവിഡിയോടൊപ്പം  www.bananafest.in . എന്ന   വെബ്സൈറ്റിലൂടെ  ലഭ്യമായിട്ടുള്ള പ്രവേശന ഫോമിൽ മത്സരാർത്ഥികളുടെ പേര്, മേൽവിലാസം, ചിത്രങ്ങളുടെ തലക്കെട്ട് , സീരിയൽ നമ്പർ എന്നിവ  രേഖപ്പെടുത്തി ഓരോ  എൻട്രിയോടൊപ്പവും  സമർപ്പിക്കേണ്ടതാണ്. മേൽപറഞ്ഞ  വ്യവസ്ഥകൾ  പ്രകാരം മാത്രമാകും  അപേക്ഷകൾ സ്വീകരിക്കുക.