അൻവറിന്റെ പാർക്കിൽ കളക്ടറുടെ പരിശോധന

#

കോഴിക്കോട് (03-02-18) : പി.വി.അൻവർ എം.എൽ.എയുടെ പാർക്കിൽ കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസ് പരിശോധന നടത്തി. ദുരന്ത നിവാരണ നിയമങ്ങൾ ലംഘിച്ചാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത ജില്ലാ കളക്ടർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് പരിശോധന. അൻവറിന്റെ കക്കാടംപൊയിലെ പാർക്കിൽ പുലർച്ചെയാണ് കളക്ടർ എത്തിയത്.

ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയ്യാറിയിരുന്നില്ല. സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതൊഴിച്ചാൽ  ജില്ലാഭരണ കൂടം അനങ്ങാപ്പാറ നയം സ്വീകരിച്ചു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന  പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍  നിശ്ചയിച്ചതാണ്. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് ചെറിയൊരു മഴക്കുഴിപോലും നിർമ്മിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ട്. ഇവിടെയാണ് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളം കെട്ടി നിര്‍ത്തി പി. അൻവർ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.  ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്. എന്നാൽ കടുത്ത നിയമലംഘനം ബോധ്യമായിട്ടും ഇവിടെ ഇനിയും നടപടി ഉണ്ടായിട്ടില്ല.