മാധ്യമ പ്രവർത്തകൻ വി.എം.സതീഷ് അന്തരിച്ചു

ദുബൈ (08-02-18) : രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് ബോംബേ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. ഒമാൻ ഒബ്സർവർ പത്രത്തിൽ നിന്നാണ് യു.എ.ഇയിൽ എത്തുന്നത്. എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഏതാനും മാസമായി എക്സ്പാറ്റ്സ് ന്യൂസ്, ഡിജിറ്റൽ മലയാളി എന്നീ പോർട്ടലുകൾ ആരംഭിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും വിഷയങ്ങൾ സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എഴുത്തിലെയും നിലപാടിലെയും മൂർച്ചയാണ് സതീഷിനെ വേറിട്ടു നിർത്തിയത്. റിപ്പോർട്ടുകൾ "ഡിസ്ട്രെസ്സിങ് എൻകൗണ്ടേഴ്സ്" എന്ന പേരിൽ സമാഹരിച്ച് പുസ്തകമാക്കിയിരുന്നു. ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ.മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.