സ്വത്ത് വിവരം കോടിയേരി പറഞ്ഞത് കള്ളമെന്ന് ആരോപണം ; ബിജെപി ലോകായുക്തയിൽ

#

തിരുവനന്തപുരം (19-02-18) : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ലോകായുക്തയിൽ പരാതി നൽകി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ൽ ഗവർണ്ണർക്കും സ്വത്തുവിവരം സംബന്ധിച്ച് കോടിയേരി നൽകിയത് വ്യാജ സത്യവാങ്മൂലമാണെന്നും അദ്ദേഹത്തിന് എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നതെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.

മുൻപു 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണു ഗവർണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. 2011ലെനിയമസഭ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വിനോദിനിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളിൽ ഒന്നിൽ വീടുണ്ട്. 2014ൽ നിഖിൽ രാജേന്ദ്രൻ എന്നയാൾക്കു വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകൾ 45 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയിട്ടുണ്ട്. ചൊക്ലി സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു നടപടികൾ. അഞ്ചര ലക്ഷം രൂപ രജിസ്ട്രേഷനു ചെലവായി.ഭൂമി ഇടപാടുകളിൽ 20,000 രൂപയിൽ കൂടുതൽ പണമായി കൈമാറാൻ പാടില്ലെന്ന ആദായ നികുതി നിയമവും കോടിയേരി ലംഘിച്ചിട്ടുണ്ട്. എന്നാൽ 2015 ജൂൺ 30നു കോടിയേരി ഗവർണർക്കു നൽകിയ സത്യവാങ്മൂലത്തിൽ വീടിരിക്കുന്ന പ്ലോട്ടിനു നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇതു വാസ്തവ വിരുദ്ധമാണ്. മാത്രവുമല്ല നിഖിലിന് വിറ്റെന്ന് പറയുന്ന വീട്ടിലാണ് കോടിയേരിയും കുടുംബവും ഇപ്പോഴും താമസിക്കുന്നത്.

വിനോദിനി 45 ലക്ഷം രൂപയ്ക്കു വിറ്റ സ്ഥലത്തിനു തൊട്ടടുത്തായി മകൻ ബിനീഷ് കോടിയേരി ഇതേ കാലയളവിൽ ലക്ഷ്മിയമ്മ, സോമൻ എന്നിവരിൽ നിന്ന് അഞ്ചേമുക്കാൽ ലക്ഷത്തിനു 12.5 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഭൂമിവില കുറവുള്ള ഈ സ്ഥലത്തു വിനോദിനിയുടെ ഭൂമിക്കു മാത്രം എങ്ങനെ കൂടുതൽ വില ലഭിച്ചുവെന്നു പരിശോധിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 2009ൽ സിപിഎം നിയന്ത്രണത്തിലുള്ള ചൊക്ലി സഹകരണ ബാങ്ക്, കോടിയേരി സർവീസ് സഹകരണ ബാങ്ക് എന്നിവയിൽ ഇതേ പ്ലോട്ടുകൾ ജാമ്യം നൽകി വിനോദിനി 18 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റ രേഖകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്.