സെക്രട്ടറിയേറ്റിനു മുന്നിൽ 27 ന് നഴ്സുമാരുടെ ഉപവാസ സമരം

#

തിരുവനന്തപുരം (26-02-18) : കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ നാളെ ( ഫെബ്രുവരി 27) സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ആണ് ഉപവാസം. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആകും ഉപവാസമെന്ന് യു.എൻ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് രാജേഷ് വർഗീസ് അറിയിച്ചു. ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന നഴ്സുമാരും ഉപവാസം അനുഷ്ഠിക്കും.

2013ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂർ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനീ സംവിധാനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചേർത്തല കെ വി എം ആശുപത്രിലെ നഴ്സുമാർ സമരം നടത്തുന്നത്. സമരം അടിയന്തിരമായി ഒത്തുതീർപ്പാകാത്ത പക്ഷം മാർച്ച് 5 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താൻ ആണ് യു എൻ എ തീരുമാനം.