ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ : സര്‍ക്കാരിന് തിരിച്ചടി

#

കൊച്ചി (11-04-18) : ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഹാരിസണ്‍ മലയാളത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റേത് ഉൾപ്പെടെ എല്ലാ പൊതു താല്പര്യഹര്‍ജികളും കോടതി തള്ളി.

ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി സർക്കാർ ആരംഭിച്ച നടപടികൾ കോടതി റദ്ദാക്കി. വൻകിട കമ്പനികൾ സംസ്ഥാനത്തിന് ആവശ്യമാണെന്നും ജന വികാരം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.