കേന്ദ്രനയം: കേരളത്തിലെ വിളകളെയും ഉള്‍പ്പെടുത്തണം

#

(09-05-18) : കാര്‍ഷികോല്പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ റബ്ബര്‍ ക്ലസ്റ്ററില്‍  കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശ്ശുര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാങ്ങയുടെ ക്ലസ്റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട്, ആലപ്പുഴ ജില്ലകളെയും ഉല്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഒരു ക്ലസ്റ്ററിലും ഉള്‍പ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുളളതുമായ കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി ക്ലസ്റ്ററുകള്‍ രൂപീകരിക്കണം. കശുമാവിന് കാസര്‍കോട് ജില്ലയെയും കുരുമുളകിന് വയനാട് ജില്ലയെയും നാളികേരത്തിന് കോഴിക്കോട് ജില്ലയെയും തേയിലയ്ക്ക് ഇടുക്കി ജില്ലയെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണം.

കേന്ദ്രസര്‍ക്കാരിന്റെ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ അമ്പത് ജില്ലാ ക്ലസ്റ്ററുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22 ഉല്‍പ്പന്നങ്ങളാണ് ഇതില്‍ വരുന്നത്. എന്നാല്‍ പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുളളതുമായ ഉല്‍പ്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചത്.