ഐ.ടി.ഐ. പ്രവേശനം: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

#

തിരുവനന്തപുരം(19-06-2018): 2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org) ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

91 ഗവണ്‍മെന്റ് ഐ.ടി.ഐ. കളിലായി 76 ട്രേഡുകളില്‍ പ്രവേശനം നേടുന്നതിനുളള അവസരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ഉളള എന്‍.സി.വി.ടി മെട്രിക്ക്, എന്‍.സി.വി.ടി നോണ്‍ മെട്രിക്ക്, സി.ഒ.ഇ. സ്ട്രീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുളള എസ്.സി.വി.ടി. മെട്രിക്ക്, എസ്.സി.വി.ടി. നോണ്‍ മെട്രിക്ക്, +2 യോഗ്യതാ ട്രേഡുകള്‍ എന്നി സ്ട്രീമുകളിലും ഉള്‍പ്പെടുന്ന ട്രേഡുകളില്‍ യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനായി സേവന ദാതാക്കളെ സമീപിക്കുന്ന അപേക്ഷകര്‍, പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്ന പ്രോസ്‌പെക്ടസ്/ ഐ.ടി.ഐ-സ്ട്രീം-ട്രേഡ്‌ലിസ്റ്റ് എന്നിവ പരിശോധിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഐ.ടി.ഐ. സ്ട്രീം ട്രേഡ് ലിസ്റ്റ് മുന്‍ഗണനാ ക്രമം അനുസരിച്ച് മുന്‍കൂട്ടി തയ്യാറാക്കുന്നത് അര്‍ഹമായ ട്രേഡുകള്‍ തന്നെ ലഭിക്കുന്നതിന് അവസരമൊരുക്കും.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ നിശ്ചയിച്ചിട്ടുളള സമയപരിധിക്ക് മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങണം. ഐ.ടി.ഐകളില്‍ നേരിട്ടോ, ട്രഷറി ചെലാന്‍ മുഖേന "0230-00-L&E-800-other receipts-88-other items" ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാം. നിശ്ചിത സമയ പരിധിക്ക് മുമ്പായി ഏതെങ്കിലും ഒരു ഗവ. ഐ.ടി.ഐ. യില്‍ പ്രിന്റൗട്ട് സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ്. ലഭിക്കുന്ന യൂസര്‍ ഐ.ഡി, പാസ്സ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് അപേക്ഷകന് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനുളള അനുവാദം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അന്തിമ സമയപരിധി വരെ അതിനുളള അവസരം ലഭിക്കും.

പ്രവേശന കൗണ്‍സിലിംഗിനു യോഗ്യത നേടിയ അപേക്ഷകര്‍ പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റ്, പ്രവേശന കൗണ്‍സിലിംഗ് തീയതി എന്നിവ അതാത് ഐ.ടി.ഐ. കളുടെ നോട്ടിസ് ബോര്‍ഡ്, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും പത്രങ്ങള്‍ മുഖേനയും അപേക്ഷകരെ അറിയിക്കും.

ഐ.ടി.ഐ. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സമീപമുളള ഐ.ടി.ഐ. കളില്‍ നിന്നോ www.itiadmissionskerala.org, www.det.kerala.gov.in എന്നീ പോര്‍ട്ടലുകളില്‍ നിന്നോ ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ 30/06/2018 വൈകുന്നേരം അഞ്ചു മണിവരെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളും അനുബന്ധരേഖകളും സഹിതം ഗവ. ഐ.ടി.ഐകളില്‍ ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന് ആണ്.

വ്യാവസായിക പരിശീലന വകുപ്പിലെ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ വകുപ്പിലെ തന്നെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചത്. ട്രെയിനീസ് ലൈഫ് സൈക്കിള്‍ ഉള്‍പ്പെടെ വകുപ്പിന്റെ ഇതര ആവശ്യങ്ങള്‍ക്കായുളള മറ്റ് മോഡ്യൂളുകള്‍ ചേര്‍ത്ത് വികസിപ്പിക്കാവുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്‍പ്പന.

ചടങ്ങില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രിറാം വെങ്കിട്ടരാമന്‍ , ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ. മാധവന്‍, ജോയിന്റ് ഡയറക്ടര്‍ ബി. ജസ്റ്റിന്‍ രാജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.