സി.എൻ മോഹനൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

#

തിരുവനന്തപുരം(20-06-2018): സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയര്‍മാനുമായ സി.എന്‍ മോഹനനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം ഐകകണ്ഠ്യേനയാണ് തീരുമാനം എടുത്തത്.

ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയെ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ദേശാഭിമാനി എഡിറ്ററുടെ ചുമതലയും പി.രാജീവിനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

നിലവില്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അഥോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ മോഹനന്‍ വിദ്യാര്‍ഥി-യുവജന രംഗങ്ങളിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനാകുന്നത്.

1994 മുതല്‍ 2000 വരെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായും 92-93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2000-2005ല്‍ സി.പി.എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരുമായി പ്രവർത്തിച്ചിരുന്നു.