തിരുവനന്തപുരം നഗരസഭയ്ക്കെതിരെ ഡോക്ടർമാർ

#

തിരുവനന്തപുരം (21.06.2018) : ഡോക്ടർമാർ തങ്ങളുടെ വസതിയിൽ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസൻസ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ  നീക്കത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.ഒ.എയും   ഐഎം.എ യും. ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധന നടത്തുന്നതെന്നും. രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാർമികതയും കണക്കിലെടുത്താണ്  ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നതെന്നും കെ.ജി.എം.ഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എൽ ടി സനൽ കുമാറും ഐ.എം.എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോൺ പണിക്കറുംപ്രസ്താവനയിൽ പറഞ്ഞു. പരിചയക്കാരെയും അയൽക്കാരെയും ബന്ധുക്കളെയുമൊക്കെ പ്രതിഫലേച്ഛ കൂടാതെയാണ് ഡോക്ടർമാർ തങ്ങളുടെ  വീടുകളിൽ പരിശോധിക്കുന്നത്.   കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതിനാൽ പാവപ്പെട്ട പല രോഗികൾക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

കേരള സർക്കാരും സ്വകാര്യ വൈദ്യപരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ട്. 2018ലെ ക്ലിനിക്കൽ സ്ഥാപനങ്ങൾ ആക്ട് അനുസരിച്ച് ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യപരിശോധനയെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യ പരിശോധനയെ കൺസൾട്ടേഷൻ സേവനമായി നിർവചിച്ചിട്ടുമുണ്ട്. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർ നൽകുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീർത്തും അപക്വമായ നടപടിയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.

ഭാരതത്തിലെ സമുന്നത നീതിപീഠവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. 2011 ഏപ്രിൽ 28ന് കൻവർജിത് സിംഗ് കാക്കറും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ വിധി പറയുമ്പോൾ ബഹു. സുപ്രീം കോടതി ഡോക്ടർമാരുടെ സേവനം വ്യാപാരം (trade) അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്  ഡോക്ടർമാർക്ക് ട്രേഡ് ലൈസൻസ് ഫീസ് ഏർപ്പെടുത്തുന്നത് സുപ്രീം കോടതി വിധിക്ക് എതിരും നിയമലംഘനവുമാണെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചു.

ട്യൂഷൻ അദ്ധ്യാപകർ, സോഫ്റ്റുവെയർ എഞ്ചിനീയർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഡ്വക്കേറ്റുമാർ തുടങ്ങി പലരും തങ്ങളുടെ വീടുകളിലിരുന്നാണ് ജോലി ചെയ്യാറുളളത്. എന്നാൽ ഡോക്ടർമാരുടെ നേർക്കു മാത്രം ഈ നടപടി ആരംഭിച്ചത് വിചിത്രമാണ്. ഇത് സ്വകാര്യ ആശുപത്രി ഭീമൻമാരെ സഹായിക്കാനുള്ള കുടിലതന്ത്രമായി സ്വാഭാവികമായും സംശയിക്കാം.

കേരളം ആരോഗ്യ മേഖലയിൽ ഏറെ പുരോഗതി നേടിയിട്ടുണ്ടെങ്കിലും  പരിസരശുചീകരണത്തിലും സാമൂഹിക ശുചിത്വത്തിലുമുള്ള പാളീച്ചകൾ കാരണം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് സാധാരണയാണ്. അടുത്ത കാലത്ത് നഗരസഭയുടെ അനാസ്ഥ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അതിന് പുറമേ ഇപ്പോൾ ട്രേഡ് ലൈസൻസ് ഫീസ് ചുമത്തി ഡോക്ടർമാരുടെ വീടുകളിലെ വൈദ്യ പരിശോധനയ്ക്ക് തടയിടുകയും ചെയ്യുന്നു. ഇതുമൂലം കൂടുതൽ രോഗികൾക്ക് ചെലവേറിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാവുന്നു. ഇത് കോർപ്പറേറ്റ്  ആശുപത്രികൾക്കേ ഗുണം ചെയ്യൂ.

നഗരസഭയുടെ  നടപടിയുമായി സഹകരിക്കാൻ ഡോക്ടർമാരുടെ സംഘടനകളായ കെ ജി എം ഒ എ യ്ക്കോ ഐ എം എ യ്ക്കോ നിർവാഹമില്ലെന്ന് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ സംഘടനകളിലെ ഒരു അംഗവും ട്രേഡ് ലൈസൻസ് ഫീസ് നൽകുകയില്ലെന്നും ഇത് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വീടുകളിലെ  വൈദ്യ പരിശോധന പൂർണമായും നിർത്തി വയ്ക്കുകയും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുകയും ചെയ്യാൻ നിർബന്ധിതരായിത്തീരുമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എൽ ടി സനൽ കുമാറും ഐ എം എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോൺ പണിക്കറും പറഞ്ഞു. അത്തരം സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന ഡോക്ടർമാരുടെ കുറവ് പരിഹരിക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമായിരിക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകി.