കെ.സി.എയിൽ കൂട്ടരാജി

#

കൊച്ചി(07-07-2018): കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ) കൂട്ടരാജി. സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടയുള്ള ഒരുവിഭാഗം കമ്മിറ്റി അംഗങ്ങളാണ് രാജിവച്ചത്. ആലപ്പുഴയില്‍ നടന്ന യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം.ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജിയെന്നാണ് വിശദീകരണം.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജി വയ്ക്കുകായിരുന്നുവെന്നാണ് ഔദ്യേഗിക ഭാഷ്യം. ഇതിനു പുറമെ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജ്ജും രാജിവച്ചു. എന്നാൽ, ഇദ്ദേഹം ബി.സി.സി.ഐ പ്രതിനിധിയായി തുടരും. പുതിയ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസും, സെക്രട്ടറി ശ്രീജിത്ത് ബി നായരുമാണ്. സംഘടനയിലെ ഭിന്നതകള്‍ രൂക്ഷമായതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ നടപടി വന്നിരുന്നു. സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി.സി മാത്യു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് സംഘടനയിലെ ഭിന്നതയ്ക്ക് കാരണമായിയെന്നാണ് റിപ്പോര്‍ട്ട്. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ക്രിക്കറ്റ് വികസനത്തിന്റെ മറവിലാണ് വന്‍ സാമ്പത്തിക തിരിമറി ടി സി മാത്യു നടത്തിയതെന്നാണ് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയത്.

ഇടുക്കി കാസര്‍ഗോഡ് സ്റ്റേഡിയങ്ങള്‍ക്കായാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തല്‍. കാസര്‍ഗോഡ് സ്റ്റേഡിയത്തിനായി 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണ്. സ്റ്റേഡിയം നിര്‍മ്മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധിക്യതമായി പൊട്ടിച്ചു. ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.

ടി.സി മാത്യുവിന് താമസിക്കാന്‍ മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത് 20 ലക്ഷം രൂപയ്ക്കാണ്. കെ.സി.എയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് വന്‍ തുക നൽകി വാടകയ്ക്ക് ഫ്‌ളാറ്റ്എടുത്തത്. കെ.സി.എയ്ക്ക് സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ വേണ്ടി 60 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഇതിലെല്ലാം ക്രമക്കേടുണ്ടെന്ന് ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കുന്നു.

തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് ടി.സി മാത്യുവില്‍ നിന്ന് തിരിച്ചു പിടിക്കണമെന്ന് ഓംബുഡ്‌സമാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്‌സമാന്‍ വ്യക്തമാക്കി.