വാവുബലി : സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

#

(10.08.2018) :  കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.