മൂന്നാര്‍ : പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാകുമോ?

#

മൂന്നാറില്‍ കണ്ണന്‍ദേവന്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ സ്വന്തം നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ വിജയകരമായ പര്യവസാനം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാകുമോ? 


അതികഠിനമായ സാഹചര്യങ്ങളില്‍ അധ്വാനിക്കുന്ന തൊഴിലാളി ചോരയും നീരും വറ്റി കൊടും ദുരിതങ്ങളില്‍ നരകയാതന അനുഭവിക്കുമ്പോള്‍ തടിച്ചുകൊഴുക്കുന്ന ട്രേഡ് യൂണിയന്‍ നേതൃത്വം ഇവിടെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ യാഥാര്‍ത്ഥ്യമാണ്. മാറ്റം സാധ്യമാകാത്ത, ഇഷ്ടമില്ലെങ്കിലും അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്ത യാഥാര്‍ത്ഥ്യം. സ്വന്തം അവസ്ഥയും ശക്തിയും തിരിച്ചറിഞ്ഞ തൊഴിലാളി ഈ സാഹചര്യം മാറ്റാന്‍ തീരുമാനിച്ച് തെരുവിലിറങ്ങിയതാണ് മൂന്നാറില്‍ കണ്ടത്. ബോണസ് കാര്യത്തില്‍ മുതലാളിക്ക് ട്രേഡ് യൂണിയന്‍ നേതൃത്വം കൂട്ടുനിന്നു എന്നത്, പുകഞ്ഞുനീറിയ രോഷം ആളിക്കത്താനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു. 

സ്വന്തം ശക്തി തിരിച്ചറിഞ്ഞ തൊഴിലാളിയാണ് മൂന്നാറില്‍ തെരുവിലിറങ്ങിയത്. സംഘടിത വ്യവസായ മേഖലയില്‍, തോട്ടം തൊളിലാളികളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്തുക എളുപ്പമല്ല. മറ്റുവ്യവസായ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളിയുടെ സംഘടിത മുന്നേറ്റത്തിന് ശക്തി പകരുന്ന ഒട്ടനവധി ഘടകങ്ങള്‍ ഇവിടെയുണ്ട്. തേയില നുള്ളുന്ന തൊഴിലില്‍ യന്ത്രവത്ക്കരണം സാധ്യമല്ല. വൈദഗ്ദ്ധ്യം നേടിയ തൊഴിലാളിയെ അവിദഗ്ദ്ധ തൊഴിലാളികളെ കൊണ്ട് പകരം വയ്ക്കാനാവില്ല. തൊഴിലിടം വേറൊരു സ്ഥലത്തേക്ക് മാറ്റാനാവില്ല. ഇവിടെ തൊളിലാളി പണിമുടക്കില്‍ ഉറച്ചുനിന്നാല്‍ മുതലാളി മുട്ടുമടക്കിയേ പറ്റൂ. ഈ തൊഴില്‍ശക്തിയേ ആണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇടനിലനിന്ന് മുതലാളിയില്‍ നിന്ന് പങ്ക് പറ്റി ചതിച്ചുകൊണ്ടിരുന്നത്. ഹൈറേഞ്ചിലെ മലനിരകളില്‍ തോട്ടം തൊഴിലാളികളോടൊപ്പം നിന്ന് കഠിനയാതനകള്‍ നേരിട്ട് കെ.റ്റി.ജേക്കബിനെയും റോസമ്മ പുന്നൂസിനെയും പോലെയുള്ള നേതാക്കള്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കാന്‍ ശ്രമിക്കുകയും ചെയ്ത സ്ഥലത്താണ് ട്രേഡ് യൂണിയനുകള്‍ ഈ കങ്കാണി പണി ചെയ്തത്. 

തൊഴിലാളിക്ക് വേണ്ടി രൂപം കൊണ്ട പ്രസ്ഥാനങ്ങള്‍ അവരെ ചൂഷണം ചെയ്യാനുള്ള സംവിധാനങ്ങളായി മാറിയതിന്റെ അനന്തരഫലമാണ് ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരേ തൊഴിലാളികളില്‍ നിന്ന് അണപ്പൊട്ടി ഒഴുകിയ രോഷം. തൊഴിലാളി മൂന്നാറില്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞു. തോട്ടം മേഖലകളിലുടനീളം അതിന്റെ പ്രതിഫലനം ഉണ്ടാകും. 

മറ്റ് തൊഴില്‍ മേഖലകളില്‍ മൂന്നാര്‍ സമരത്തിന്റെ പ്രത്യാഘാതം എന്താകും എന്നത് പ്രധാനമാണ്. സമാനമായ തൊഴിലാളി ചൂഷണം നടക്കുന്ന മറ്റൊരു മേഖലയാണ് കശുവണ്ടി വ്യവസായം. ട്രേഡ് യൂണിയന്‍ കങ്കാണിമാര്‍ തൊഴിലാളികളുടെ ചോര ഊറ്റുകയാണ് അവിടെയും. പക്ഷേ, മൂന്നാറിലെ തേയില തോട്ടം തൊഴിലാളികളുടേതു പോലെ ഒരു സംഘടിത ചെറുത്തുനില്‍പ്പിന് ധാരാളം പരിമിതികള്‍ കശുവണ്ടി മേഖലയിലുണ്ട്. വന്‍തോതില്‍ നടപ്പാക്കുന്ന യന്ത്രവത്ക്കരണം, ഫാക്ടറികള്‍ കേരളത്തിനു പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യം തുടങ്ങിയവ നിലനില്‍ക്കുമ്പോള്‍ ട്രേഡ് യൂണിയന്‍ കങ്കാണിമാര്‍ക്ക് ഇടത്തട്ടുകാരായി നിന്ന് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരം ഇല്ലാതാക്കുക പ്രയാസമാണ്. എന്നാല്‍ മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളെപ്പോലെ കശുവണ്ടി തൊഴിലാളികള്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധമുള്ളവരായിരിക്കുന്നു എന്നത് പ്രധാനമാണ്.

 തൊഴിലാളികളെയും സാധാരണ ജനങ്ങളെയും ഉപകരണങ്ങളാക്കി സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇടത്തട്ടു രാഷ്ട്രീയത്തിനും അത്തരം ട്രേഡ് യൂണിയനിസത്തിനുമെതിരായ അതിശക്തമായ മുന്നറിയിപ്പാണ് മൂന്നാറില്‍ ഉണ്ടായത്. സംഘടിത-അസംഘടിത തൊഴില്‍ മേഖലയില്‍ പൊതു ജീവിതത്തിന് ആകെതന്നെയും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. എങ്ങനെ, എത്രത്തോളം എന്നത് വരും ദിവസങ്ങളിലറിയാം.