ജെ.എന്‍.യു : യെച്ചൂരിയുടെ ആദ്യ പരാജയം

#

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളില്‍ ഒന്നില്‍പോലും വിജയിക്കാന്‍ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞില്ല. 


ഏറ്റവും പ്രധാനപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് ഒന്നാം സ്ഥാനത്തെത്തി. സി.പി.ഐ(എം.എല്‍)ന്റെ ഐസയ്ക്ക് രണ്ടാം സ്ഥാനവും എ.ബി.വി.പിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചപ്പോള്‍ 5 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതില്‍ എസ്.എഫ്.ഐ നാലാം സ്ഥാനത്തായി. എ.ഐ.എസ്.എഫ്-1029, ഐസ-962, എ.ബി.വി.പി-924, എസ്.എഫ്.ഐ-549, എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന മുന്നണി, പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ഇത്തവണ തകര്‍ന്നത്. മറ്റ് മൂന്ന് ജനറല്‍ സീറ്റുകളും എസ്.എഫ്.ഐയ്ക്ക് വിട്ടുനല്‍കാമെന്നും മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയുള്ള തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം വേണമെന്നുമുള്ള എ.ഐ.എസ്.എഫിന്റെ ആവശ്യം എസ്.എഫ്.ഐ തള്ളിക്കളഞ്ഞു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും നേരിട്ട് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ജെ.എന്‍.യുവിലെ സ്ഥിതിഗതികള്‍ സി.പി.ഐ നേതൃത്വം സി.പി.എം നേതൃത്വത്തെ ധരിപ്പിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം കൈവിടുന്നത് അഭിമാനപ്രശ്‌നമായാണ് സി.പി.എം കണ്ടത്.

 അടിത്തട്ടിലെ വസ്തുതകള്‍ മനസിലാക്കുന്നതില്‍ സി.പി.എം നേതൃത്വത്തിന് തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയങ്ങളുടെ ഭാഗമായാണ് ജെ.എന്‍.യുവിലെ തോല്‍വിയെയും ഇടതു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുതിര്‍ന്ന നേതൃത്വത്തിനുണ്ടാകേണ്ട പക്വതയും ഗൗരവപൂര്‍വ്വമായ സമീപനവും സി.പി.എമ്മിന്റെ ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തില്‍നിന്നുണ്ടാകുന്നില്ല എന്ന അഭിപ്രായത്തെ ശരിവെയ്ക്കുന്നതായിരുന്നു ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാട്. ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യത്തോടെ മത്സരിച്ചിരുന്നെങ്കില്‍ എ.ബി.വി.പിയ്ക്ക് ജെ.എന്‍.യുവില്‍ കാലുകുത്താന്‍ കഴിയുമായിരുന്നില്ല. 

ഇടതുമുന്നണിയുടെ മുന്നോട്ടു പോക്കിന് ഇനി വ്യത്യസ്തമായ തന്ത്രം ആവിഷ്‌കരിക്കണമെന്ന നിലപാടാണ് സി.പി.ഐയ്ക്കുള്ളത്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ബീഹാറിലും കിഴക്കന്‍ ഉത്തര്‍ പ്രദേശിലും ശ്രദ്ധ കേന്ദീകരിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ നിലയുറപ്പിക്കാനാണ് സി.പി.ഐയുടെ ശ്രമം. ഇടതുരാഷ്ട്രീയത്തില്‍ ബംഗാളിനും കേരളത്തിനുമുള്ള പ്രാധാന്യം ഇല്ലാതായി കഴിഞ്ഞു എന്ന യാഥര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ടാണ് സി.പി.ഐയുടെ ചുവടുവെയ്പുകള്‍. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.ഐ(എം.എല്‍)നെ ദേശീയ തലത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ സി.പി.ഐ ആരംഭിക്കും. ഇടതു രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തപ്പെടുന്നതിന്റെ സൂചനയായി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറുമോ എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയണം.