വെള്ളാപ്പള്ളിയുടെ യാത്ര ജലസമാധിയിലേക്കോ?

#

വെള്ളാപ്പള്ളി നടേശന്റെ യാത്ര വെള്ളത്തിലാകുമെന്നതിന്റെ സൂചനയാണ് തുടക്കത്തില്‍ തന്നെ ലഭിക്കുന്നത്. 


കേരളത്തിലെ ഹിന്ദു സമുദായ സംഘടനകളുടെ ഏകീകരണവും അതുവഴി ഹിന്ദുവോട്ടുബാങ്ക് സൃഷ്ടിക്കലും ലക്ഷ്യം വെച്ചുകൊണ്ടെന്ന പേരിലാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ 'സമത്വമുന്നേറ്റ യാത്ര' നടത്താന്‍ തീരുമാനിച്ചത്. പല ഹിന്ദു സാമുദായിക സംഘടനകളുടെയും പ്രാതിനിധ്യം ഉണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ജാഥ തുടങ്ങി ഒരു ദിവസം പിന്നിടും മുമ്പ് തന്നെ യാത്രയുടെ സംഘാടകരുടെ കൂട്ടത്തിലുണ്ടെന്നു പറയപ്പെട്ടിരുന്ന യോഗ ക്ഷേമസഭ യാത്രയിലില്ലെന്ന് പരസ്യമായ പറഞ്ഞുകഴിഞ്ഞു. യോഗക്ഷേമസഭയെ പ്രതിനിധീകരിച്ചല്ല അക്കീരമണ്‍ കാളീദാസ് ഭട്ടതിരിപ്പാട് പങ്കെടുത്തതെന്നും യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചതിന് കാളിദാസ് ഭട്ടതിരിപ്പാടിനോട് വിശദീകരണം ചോദിക്കുമെന്നും യോഗ ക്ഷേമസഭ അറിയിച്ചിട്ടുണ്ട്. ജാഥയ്‌ക്കെന്നല്ല, 'നായാടി മുതല്‍ നമ്പൂതിരിമാരെ' ഒന്നിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ഒരു പരിപാടിയ്ക്കും തങ്ങള്‍ ഒപ്പമില്ലെന്ന് നേരത്തെ തന്നെ എന്‍.എസ്.എസ് പ്രഖ്യാപിച്ചിരുന്നു. പ്രധാനപ്പെട്ട വിശ്വകര്‍മ്മ സംഘടനകളോ നേതാക്കളോ ജാഥയിലില്ല. കെ.പി.എം.എസിന്റെ ഒരു വിഘടിത വിഭാഗത്തെ വെള്ളാപ്പള്ളി ഒപ്പം നിര്‍ത്തിയിട്ടുണ്ട്. ഫലത്തില്‍ എസ്.എന്‍.ഡി.പി യോഗം ഒഴികെ കാര്യമായ മേല്‍വിലാസമുള്ള ഏതെങ്കിലും ഹിന്ദു സംഘടനയോ വെള്ളാപ്പള്ളിയല്ലാതെ പ്രധാന നേതാക്കളോ സമത്വമുന്നേറ്റ യാത്രയിലില്ല.

 പ്രബല സംഘടനകള്‍ മാറി നില്‍ക്കുമ്പോള്‍ ആ സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളില്‍ വേരോട്ടമില്ലാത്ത വിഘടിത വിഭാഗങ്ങളും വ്യക്തികളും പങ്കെടുക്കുന്നത് വെള്ളാപ്പള്ളി ഉദ്ദേശിച്ച ഹിന്ദു ഏകീകരണത്തിനു പകരം മറ്റു സാമുദായിക സംഘടനകളില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗവും വെള്ളാപ്പള്ളിയും ഒറ്റപ്പെടാന്‍ കാരണമാകും. ഉദാഹരണത്തിന് എന്‍.എസ്.എസ് ഔദ്യോഗിക നേതൃത്വത്തിനും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമെതിരേ മലബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമസ്ത നായര്‍ സമാജത്തിന്റെ പ്രതിനിധി മഞ്ചേരി ഭാസ്‌കരപിള്ള ജാഥയില്‍ സജീവമായുണ്ട്. സമത്വ മുന്നേറ്റയാത്രയോട് എന്‍.എസ്.എസ് നേതൃത്വം തികച്ചും ശത്രുതാപരമായ നിലപാട് സ്വീകരിക്കാനേ സമസ്തയുടെ സാന്നിദ്ധ്യം ഉപകരിക്കൂ. സമസ്തയ്ക്കും മഞ്ചേരി ഭാസ്‌കരപിള്ളയ്ക്കുമാണെങ്കില്‍ നായര്‍ സമുദായത്തില്‍ ഒരു ചലനവുമുണ്ടാക്കാനുമാവില്ല. 

കേരളത്തില്‍ കടന്നു കയറാന്‍, എസ്.എന്‍.ഡി.പി യോഗവുമായി ബന്ധം സ്ഥാപിക്കാമെന്ന തീരുമാനം ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഈ കൂട്ടുകെട്ടുകൊണ്ട് പ്രയോജനമുണ്ടാകാതെ വന്നതോടെ, നേരത്തെ തന്നെ ഇക്കാര്യത്തില്‍ സംശയാലുക്കളായിരുന്ന ബി.ജെ.പി അണികള്‍ വെള്ളാപ്പള്ളിയുടെ ജാഥയോട് നിസ്സഹകരിക്കുകയായിരുന്നു. ബി.ജെ.പിയുടെ നിസ്സഹകരണത്തെക്കുറിച്ച് വെള്ളാപ്പള്ളി പരിഭവപ്പെട്ടതിനു ശേഷം വി.മുരളീധരന്‍ വെള്ളാപ്പള്ളിയെ പോയി കാണുകയുണ്ടായി. എസ്.എന്‍.ഡി.പി യോഗവുമായുള്ള ബന്ധം ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന തിരിച്ചറിവ് ബി.ജെ.പി നേതൃത്വത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്സോ മറ്റു സംഘപരിവാര്‍ സംഘടനകളോ ജാഥയുടെ സംഘാടനത്തില്‍ ഇടപെടുന്നതേയില്ല. സംഘാടക സ്ഥാനത്ത് പല സംഘടനകളുടെയും പേരു വെച്ചിട്ടുണ്ടെങ്കിലും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ വഴി വെള്ളാപ്പള്ളി തന്നെയാണ് മൊത്തം സംഘാടനത്തിനും സുത്രധാരിത്വം വഹിക്കുന്നത്. സംസ്ഥാനം മുഴുവന്‍ വെച്ചിട്ടുള്ള ഫ്‌ളെക്‌സ് ബോഡുകളില്‍ വെള്ളാപ്പള്ളിയുടെ പൂര്‍ണ്ണകായ ചിത്രത്തിനാണ് പ്രാധാന്യം. 

ജാഥ സമാപിക്കുമ്പോഴേക്ക് ഹിന്ദു സമുദായ സംഘടനകളില്‍ നിന്ന് വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പി യോഗവും ഒറ്റപ്പെടാനാണ് എല്ലാ സാദ്ധ്യതയും. പണം ചെലവഴിച്ച് കൂറ്റന്‍ പൊതു യോഗങ്ങളും സ്വീകരണങ്ങളും സംഘടിപ്പിക്കാന്‍ കഴിയുമെങ്കിലും ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലല്ല ജാഥയുടെ ആസൂത്രണം. ശ്വാശ്വതികാനന്ദയുടെ മരണവും മൈക്രോ ഫിനാന്‍സ് അഴിമതിയും ഉള്‍പ്പടെയുള്ള കാര്യങ്ങളിലുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടിയാകും സ്വീകരണങ്ങളില്‍ വെള്ളാപ്പള്ളിക്ക് സമയം ചെലവാക്കേണ്ടി വരിക. ചുരുക്കത്തില്‍ വെള്ളാപ്പള്ളി നടേശന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി സമത്വമുന്നേറ്റയാത്ര മാറാനാണ് സാദ്ധ്യത.