നവോത്ഥാന മൂല്യത്തിന് രവിപ്പിള്ളയുടെ വെല്ലുവിളി

#

കൊല്ലം : കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം പണം ചെലവഴിച്ച് അത്യാര്‍ഭാടത്തോടെ നടത്തിയ വിവാഹത്തിന് വി.എസ്.അച്ചുതാനന്ദനും വി.എം.സുധീരനും പിണറായി വിജയനും ഒഴികെയുള്ള രാഷ്ട്രീയ-സാമൂഹിക നേതൃത്വം സാന്നിദ്ധ്യം കൊണ്ട് ആശീര്‍വാദമരുളി. 


വ്യവസായി രവിപ്പിള്ളയുടെ മകള്‍ ആരതി പിള്ളയും ആദിത്യ വിഷ്ണുവുമായുള്ള വിവാഹം വലിയ കോര്‍പ്പറേറ്റ് ഇവന്റുകളെ കവച്ചുവെയ്ക്കുന്ന പരിപാടികളോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ പ്രത്യേക പന്തലില്‍ നടന്നത്. കേന്ദ്രീകൃതമായി ശീതികരിച്ച പന്തലില്‍ ഇരുപത്തയ്യായിരത്തിലേറെ ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു. ശോഭന, മഞ്ജുവാര്യര്‍ തുടങ്ങിയ ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹചടങ്ങിനു മുമ്പായി പരിപാടികള്‍ അവതരിപ്പിച്ചു. ടിവി അവതാരക രഞ്ജിനി ഹരിദാസാണ് ചടങ്ങ് ആങ്കര്‍ ചെയ്തത്. 

45 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തതായി അവതാരക രഞ്ജിനി ഹരിദാസ് അറിയിച്ചു. സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി.ദിവാകരന്‍, ചലച്ചിത്രതാരങ്ങള്‍, മത-സാമൂഹിക-നേതാക്കള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 

വിവാഹ ചടങ്ങുകളുടെ ആവശ്യത്തിനുള്ള ശുദ്ധജലം എങ്ങനെ ലഭ്യമാക്കി എന്നത് ദുരൂഹമായി തുടരുന്നു. ചടങ്ങിനു ശേഷം മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതെങ്ങനെയെന്നതും.