ബിജു പറഞ്ഞതെന്തെന്ന് ഉമ്മന്‍ ചാണ്ടി പോലീസിനോട് പറയുമോ?

#

എറണാകുളം ഗസ്റ്റ്ഹൗസില്‍ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞ രഹസ്യം എന്തെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തുമോ? 


ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കും മുമ്പ് ആ രഹസ്യം വെളിപ്പെടുത്താനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി വെളിപ്പെടുത്തേണ്ട പ്രധാന വിവരം മറച്ചു വെയ്ക്കുക എന്ന ഗുരുതരമായ കുറ്റമാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ബിജു രാധാകൃഷ്ണനെന്നല്ല, ഏതു വ്യക്തിയുമായും രഹസ്യം പറയാനുള്ള അവകാശം ഉമ്മന്‍ ചാണ്ടിക്കുണ്ട്. പക്ഷേ, ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയും ബിജു കേരളത്തിന്റെ സമകാലിക ചരിത്രത്തില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസിലെ പ്രതിയുമായിരിക്കെ അവര്‍ തമ്മിലുള്ള രഹസ്യ സംഭാഷണത്തിന്റെ ഉള്ളടക്കം അന്വേഷണ ഏജന്‍സികളില്‍ നിന്ന് മറച്ചു വെയ്ക്കാന്‍ പാടുള്ളതല്ല. കേരള ജനത അറിയാന്‍ പാടില്ലാത്ത എന്തു രഹസ്യമാണ് ബിജു രാധാകൃഷ്ണന് ഉമ്മന്‍ ചാണ്ടിയോട് പറയാനുള്ളത്?

 കെ.ബി.ഗണേഷ്‌കുമാര്‍ മന്ത്രിയായിരിക്കെ, അദ്ദേഹവുമായി രഹസ്യബന്ധം പുലര്‍ത്തിയ ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഗണേഷിനെ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത പ്രചരിക്കുകയുണ്ടായി. തന്റെ സുഹൃത്തും മകന്റെ സുഹൃത്തിന്റെ അമ്മയുമായ സ്ത്രീയുമായി ഗണേശന്‍ രഹസ്യബന്ധം പുലര്‍ത്തിയെന്നും ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ കാലില്‍ വീണ് ഗണേശന്‍ യാചിക്കുന്നത് കണ്ട് താന്‍ തകര്‍ന്നുപോയെന്നും ഗണേശന്റെ ഭാര്യയായിരുന്ന യാമിനി തങ്കച്ചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എറണാകുളം ഗസ്റ്റ്ഹൗസില്‍ വെച്ച് ബിജു ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചത് ഗണേശനും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെ പ്രചരണമുണ്ടായി. കേന്ദ്ര മന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ പ്രധാനപ്പെട്ട പല കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ സരിതാ നായരുമായും സോളാര്‍ അഴിമതിയുമായും ബന്ധപ്പെട്ടിരുന്നു എന്ന വസ്തുത പുറത്തുവന്ന സാഹചര്യത്തില്‍, ബിജു ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണത്തിന് അത്യന്തം പ്രാധാന്യമുണ്ട്.

 ബിജു തന്നോട് പങ്കുവെച്ച രഹസ്യം പുറത്തു പറയില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സോളാര്‍ അഴിമതി അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആ രഹസ്യം ഉമ്മന്‍ ചാണ്ടി പോലിസിനോട് വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടിയോട്  പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കേസില്‍ മുഖ്യമന്ത്രി ആ സ്ഥാനത്തു തുടര്‍ന്നുകൊണ്ട് നടക്കുന്ന പോലീസ് അന്വേഷണത്തിന് എന്തു വിശ്വാസ്യതയാണുണ്ടാവുക? അന്വേഷണത്തില്‍ സത്യം തെളിയട്ടെ എന്നു പറയാനുള്ള ധാര്‍മ്മികമായ അവകാശം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം ഉമ്മന്‍ ചാണ്ടിക്കില്ല.