ഹിന്ദു സംസ്കാര സംരക്ഷകരുടെ ഭീഷണി ആകാശവാണിയിലും

#

തൃശൂർ : ആകാശവാണി പ്രോഗ്രാം ഡയറക്ടർക്കും വനിതാ പ്രോഗ്രാം എക്സിക്യൂട്ടിവിനും രാത്രിയിൽ ഫോൺ വഴി ഭീഷണി. 


ആകാശവാണി തൃശൂർ നിലയം പ്രോഗ്രാംഡയറക്ടറുടെ ചുമതലയുള്ള അസി.ഡയറക്ടർക്കും സുഭാഷിതം പരിപാടിയുടെ ചുമതല വഹിക്കുന്ന വനിതാ പ്രോഗ്രാം എക്സിക്യൂട്ടിവിനും നേരേ ഇന്നലെ രാത്രി ചിലർ ടെലിഫോൺ വഴി ഭീഷണി മുഴക്കി. ആകാശവാണി ഹിന്ദു സംസ്കാരത്തിനെതിരായ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകൂമെന്നായിരുന്നു വീട്ടിലേക്ക് വിളിച്ചുള്ള ഭീഷണി . രാത്രി പതിനൊന്നിന് ശേഷമായിരുന്നു സംഭവം. അസമയത്ത് പരിചയമില്ലാത്ത നമ്പരിൽ നിന്നു വന്ന കോൾ എടുത്തപ്പോൾ വിളിച്ചയാൾ താൻ ഒരു അഡ്വ.ഗോപാലകൃഷ്ണനാണെന്നു പരിചയപ്പെടുത്തിയ ശേഷമാ യിരുന്നു ശകാരവർഷവും ഭീഷണിയും ചൊരിഞ്ഞത്. മദ്യപിച്ചതു പോലെ നിയന്ത്രണം നഷ്ടപ്പെട്ടുള്ള സംസാരത്തിൽ ഭയന്ന ഉദ്യോഗസ്ഥർ കോൾ കട്ട് ചെയ്യുകയായിരുന്നു. ചില പ്രത്യേക വ്യക്തികളെ ഇനി മേലിൽ ആകാശവാണി പരിപാടികളിൽ പങ്കെടുപ്പിച്ചു പോകരുതെന്നും വിളിച്ചയാൾ മുന്നറിയിപ്പു നല്കി. ഈ ഭീഷണിക്കുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല എന്ന് ആകാശവാണി വൃത്തങ്ങൾ പറയുന്നു. വിവിധ നിലയങ്ങളിലായി കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രശസ്ത സേവനം നടത്തി വരുന്ന ഈ രണ്ട് ഉദ്യോഗസ്ഥരും ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി യിലാണ്. ഇരുവർക്കും നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരമൊരനുഭവം ആദ്യമാണ്.

 മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മാധ്യമ പ്രവർത്തകർക്ക് എതിരേയുള്ള ഭീഷണി വ്യാപകമായിരിക്കുകയാണ്. ഹിന്ദു മതത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരായ നൂറു കണക്കിന് ആളുകൾ എഷ്യാനെറ്റ് ന്യൂസ് ചീഫ് കോഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആകാശവാണി ഉദ്യോഗസ്ഥർക്ക് എതിരേ പുതിയ ഭീഷണിയുണ്ടായിരിക്കുന്നത്. ഭവിഷ്യത്തുകൾ ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നത് ഭീഷണിക്കാർക്ക് പ്രോത്സാഹനമാകുകയാണ്. ധബോൾക്കറുടെയും ഗോവിന്ദ് പൻസാരയുടെയും കൽബുർഗിയുടെയും കൊലപാതകക്കേസുകളിൽ പോലും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ പരാതിപ്പെട്ടിട്ട് എന്തു കാര്യമെന്നാണ് ഭീഷണി നേരിടേണ്ടി വന്ന പലരും ചോദിക്കുന്നത്.