മാധ്യമങ്ങള്‍ ശവം തീനികളാകുമ്പോള്‍

#

കലാഭവന്‍ മണിയുടെ മരണം മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു. ആ ഞെട്ടല്‍ മാറുന്നതിനു മുമ്പ് നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് നല്‍കുന്ന സംഭ്രമജനകമായ റിപ്പോര്‍ട്ടുകള്‍ മണിയെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. 


കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമാണെന്ന് മരണത്തിന്റെ അടുത്ത ദിവസം തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. മരണകാരണം എന്തായിരുന്നുവെന്ന് അറിയാന്‍ മണിയെ സ്‌നേഹിക്കുന്നവര്‍ക്ക് അവകാശമുണ്ട്. ആ കാര്യത്തില്‍ ആകാംക്ഷയുണ്ടാകുന്നത് മനസ്സിലാക്കാം. എന്നാല്‍ മരിച്ചുപോയ വലിയ ഒരു കലാകാരന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി ഊഹാപോഹങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍. പോലീസ് അന്വേഷണം നടക്കുന്നതിന് സമാന്തരമായി മാധ്യമ വിചാരണ നടത്തി മണിയുടെ മരണത്തെ ഒരേ സമയം കൊലപാതകവും ആത്മഹത്യയും അമിത മദ്യപാനം മൂലമുള്ള മരണവും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലമുള്ള മരണവുമെല്ലാമാക്കി മാറ്റി കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍. കലാഭവന്‍ മണിയുടെ സ്‌നേഹിതരെയും ബന്ധുക്കളെയും പരിചയക്കാരെയും സ്റ്റുഡിയോകളില്‍ കൊണ്ടിരുത്തി പോലീസ് മുറയില്‍ ചോദ്യം ചെയ്യുന്നതില്‍ എന്തു മാധ്യമ ധര്‍മ്മമാണുള്ളത്? 

ഒരു വ്യക്തി കലാകാരനും പ്രശസ്തനുമായിപ്പോയതുകൊണ്ട് അയാള്‍ക്ക് സ്വകാര്യ ജീവിതം എന്നൊന്നിന് അവകാശമില്ലേ? മണിയുടെ സ്വകാര്യ ജീവിതം തുരന്നു തുരന്നു പോയ മാധ്യമങ്ങള്‍ മണിയുമായി ബന്ധം പുലര്‍ത്തിയിരുന്ന എല്ലാ മനുഷ്യരുടെയും സ്വകാര്യതകളില്‍ അതിക്രമിച്ചു കയറി. ഒരു വ്യക്തിയുടെ മരണം ആ മനുഷ്യനുമായി അടുപ്പമുള്ളവരില്‍ ഒരു ശൂന്യത സൃഷ്ടിക്കും. ശൂന്യതയുടെ ആ സന്ദര്‍ഭത്തെ മരിച്ച വ്യക്തിയുമായി അടുപ്പമുള്ളവര്‍ ഓരോ തരത്തിലാകും നേരിടുക. തങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു വ്യക്തി ഇല്ലാതായി എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. എങ്കിലും ജീവിതത്തിലെ അനിവാര്യത എന്ന നിലയില്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചേ കഴിയൂ. തങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം സൃഷ്ടിച്ച ദുഃഖത്തിനോടൊപ്പം ആ വ്യക്തിയെക്കുറിച്ചുള്ള അപവാദങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന മാധ്യമവിചാരണയുടെ അപമാനം കൂടി സഹിക്കണം എന്ന അവസ്ഥയാണ് കലാഭവന്‍ മണിയുമായി അടുപ്പമുള്ളവര്‍ ഇന്ന് അനുഭവിക്കുന്നത്. 

ഒളിഞ്ഞു നോക്കാനും മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കാനും വലിയൊരു കൂട്ടം മനുഷ്യര്‍ക്കുള്ള വാസനയെ ഇളക്കിവിട്ട് അതിലൂടെ പത്ത് പൈസ പരസ്യ വരുമാനത്തില്‍ കൂടുതല്‍ നേടാനുള്ള അത്യാര്‍ത്തിയാണ് മണിയുടെ മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ഒട്ടുമിക്കവയും കാണിച്ചത്. പണത്തിനുവേണ്ടി എന്തു വൃത്തികേടും കാണിക്കാന്‍ മടിക്കാത്ത ഇക്കൂട്ടര്‍ രാഷ്ട്രീയക്കാരുള്‍പ്പെടെ മറ്റെല്ലാവരുടെയും ധാര്‍മ്മികതയെക്കുറിച്ച് നടത്തുന്ന ഗീര്‍വാണങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? 

കലാഭവന്‍ മണിയുടെ മൃതദേഹം കൊണ്ടുള്ള ഈ കളി നമ്മുടെ മാധ്യമങ്ങള്‍ നിര്‍ത്തണം. വായനക്കാരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം അക്കാര്യത്തില്‍ ഉണ്ടാകണം. നാഴികയ്ക്ക് നാല്‍പത് വട്ടം വേണ്ടതിനും വേണ്ടാത്തതിനും കൂട്ടപ്രസ്താവനയിറക്കുന്ന സാംസ്‌കാരിക നായകരാരും ഇതിനെക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. ഭരിക്കുന്നവരോ ഭരിക്കാനിരിക്കുന്നവരോ ആയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കിക്കൊടുക്കുന്ന കൂട്ട പ്രസ്താവനകളില്‍ ഒപ്പിടാന്‍ കയ്യും നീട്ടിയിരിക്കുന്ന സാംസ്‌കാരിക നായകര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. മസ്തിഷ്‌കം ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്ത സാധാരണ മനുഷ്യരാണ് പ്രതികരിക്കേണ്ടത്. ഇതാണ് ഏര്‍പ്പാടെങ്കില്‍ വരിക്കാശ് കൊടുത്ത് പത്രം വരുത്താനും പൈസ അടച്ച് ചാനലുകള്‍ കാണാനും തങ്ങള്‍ തയ്യാറല്ല എന്ന് സാധാരണക്കാരന്‍ പറഞ്ഞാല്‍ മാത്രമേ നമ്മുടെ മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയൂ.