ഞങ്ങള്‍ പറഞ്ഞതും പോലീസും ആരോഗ്യവകുപ്പും പറയുന്നതും

#

ദുരന്ത ദിവസം ഞങ്ങള്‍ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് പോലീസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മേധാവികളുടെ വാക്കുകളില്‍ വ്യക്തമാകുന്നത്. 


വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നല്‍കുക എന്നതാണ് ആദ്യത്തെ അടിയന്തരാവശ്യം. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ് ഭരണാധികാരികളുടെ കടമ. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്നവരെ നേരിട്ട് ആശ്വസിപ്പിക്കാനെത്തുന്നത് ആശ്വാസത്തിനു പകരം പ്രയാസമാണുണ്ടാക്കുക എന്ന് ഞങ്ങള്‍ പറഞ്ഞതിന് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായി. പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടുള്ള ആശ്വസിപ്പിക്കലല്ല അടിയന്തിര ആവശ്യം. ഞങ്ങളുടെ അഭിപ്രായത്തെ വിമര്‍ശിച്ചവര്‍, ഞങ്ങള്‍ വിദൂരമായി പോലും ചിന്തിക്കാത്ത രാഷ്ട്രീയലക്ഷ്യം ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് കല്‍പ്പിച്ച് നല്‍കുകയുമുണ്ടായി. 

ദുരന്തമുണ്ടായ ദിവസം തന്നെ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വരുന്നു എന്ന വിവരം ലഭിച്ചപ്പോള്‍ അത് ഒരു ദിവസത്തേക്കെങ്കിലും മാറ്റിവെയ്ക്കാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അത് പരിഗണിച്ചില്ലെന്ന് സംസ്ഥാന ഡി.ജി.പി ടി.പി.സെന്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നു. ദുരന്തമുഖത്ത് ഭക്ഷണവും വെള്ളവും പോലുമില്ലാതെ പണിയെടുത്ത പോലീസുകാര്‍ക്ക് വി.വി.ഐ.പി സന്ദര്‍ശനം അധികം സമ്മര്‍ദ്ദം സൃഷ്ടിച്ചെന്ന് സെന്‍കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചുതള്ളിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. വി.വി.ഐ.പി സന്ദര്‍ശനം മൂലം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. 60 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റ് അതിഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിച്ചിരുന്ന ഐ.സി.യുവിലേക്ക് വി.വി.ഐ.പികള്‍ കടന്നുകയറി. പരിക്കേറ്റവര്‍ക്ക് അണുബാധയേല്‍ക്കാതെ സംരക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ക്ക് വി.ഐ.പികള്‍ ഒരു വിലയും നല്‍കിയില്ല. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റു കിടന്നവരുടെ ജീവന്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരെയും വി.വി.ഐ.പികളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പരിക്കേറ്റവരെ കൊലയ്ക്ക് കൊടുക്കലാണോ ആശ്വസിപ്പിക്കല്‍? ജീവനുവേണ്ടി പൊരുതുന്ന മനുഷ്യരെ ആശുപത്രി വാര്‍ഡുകളില്‍ കടന്നുചെന്ന് ആശ്വസിപ്പിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍, അതില്‍ എന്തു രാഷ്ട്രീയമാണുള്ളത്?

ഏപ്രില്‍ 10 ന് ദുരന്തദിവസം ഞങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതോടൊപ്പം :

പരവൂർ പുറ്റിംഗൽ വെടിക്കെട്ട്‌ ദുരന്തത്തിൽ മരണമടഞ്ഞ പലരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. രക്തം നല്കാനും മറ്റു കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാനുള്ള ശ്രമങ്ങളിലാണ് സാധാരണ മനുഷ്യർ. ജീവനുവേണ്ടി പൊരുതുന്നവർക്കും അവരെ സഹായിക്കാൻ ശ്രമിക്കുന്നവർക്കും ഈ കൊടിയ ദുരന്തത്തിൽ ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നത് നാക്ക് കൊണ്ട് ആശ്വസിപ്പിക്കാനെത്തുന്ന നേതാക്കളാണ്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് അത് അത്യന്തം മാരകമായ തരത്തിലായിരിക്കുന്നു. വൻ വി.പി.ഐ കൾ എത്തുന്നതോടെ രോഗികൾക്ക് പകരം ശ്രദ്ധ മുഴുവൻ വി.ഐ.പികൾക്ക്‌ നെരേയാകും. ഇന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ കഴിയുന്ന ചില രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുമെന്ന വിവരം അറിയുന്നത്. പ്രധാനമന്ത്രി വന്നു പോയിട്ട് മാത്രമേ പരിക്കേറ്റവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ കഴിയൂ എന്ന് ഉടൻ തന്നെ അധികൃതർ തീരുമാനിക്കുന്നു. ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം കാണുന്നവരോടാണ് ഈ കൊടുംക്രൂരത. ആശ്രാമം ഹെലിപ്പാഡിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാന ജില്ലാ ഭരണകൂടങ്ങളുടെ പ്രതിനിധികൾ. ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കി പ്രധാനമന്ത്രിക്ക് കുറച്ചു പേരെ കാണാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആശുപത്രി അധികൃതർ. പരിക്കേറ്റവർക്ക് രക്തം നല്കാൻ പോകേണ്ടവർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത തരത്തിൽ മോദിയുടെ സന്ദർശനം മൂലം റോഡ്‌ ഗതാഗതം താറുമാറായിരിക്കുന്നു. നേതാക്കന്മാരുടെ സന്ദർശനം പരിക്കേറ്റവരുടെ ജീവിതത്തിനു തന്നെ ഭീഷണിയാകുന്നു. നേതാക്കന്മാരായ നേതാക്കളെല്ലാം വന്ന് ടിവി ക്യാമറകളെ അഭിമുഖീകരിക്കുന്നതിന്റെ തിരക്കും ബഹളവുമാണ് സംഭവസ്ഥലത്തും പരിക്കേറ്റവർ കിടക്കുന്ന ആശുപത്രികളിലും. പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും വാക്കുകൾകൊണ്ട് ആശ്വസിപ്പിച്ചേ മതിയാവൂ എന്ന് നിർബ്ബന്ധമുള്ള നേതാക്കൾക്ക് ടി വി സ്റ്റുഡിയോകളിൽ അതിന് പ്രത്യേക വേദി ഒരുക്കിക്കൊടുക്കാൻ ചാനലുടമകൾ തയ്യാറായെങ്കിൽ !