ഒരു കോടി അടച്ചത് തട്ടിപ്പ് മറയ്ക്കാൻ : വിജേഷ്

#

കൊല്ലം : മാതാ അമൃതാനന്ദമയി മഠം ഒരു കോടി രൂപ ക്ലാപ്പന പഞ്ചായത്തിൽ നികുതി അടച്ചത് നിയമനടപടികളിൽ നിന്ന് രക്ഷ പെടാനുള്ള തന്ത്രമാണെന്ന് മഠത്തിനെതിരെ നിരന്തരമായി നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന വിജേഷ് വിജയാനന്ദൻ . വർഷങ്ങളായി സർക്കാരിനെ കബളിപ്പിച്ച് അടയ്ക്കാതിരുന്ന അനധികൃത കെട്ടിടങ്ങളുടെ നികുതി എന്ന നിലക്കാണ് കഴിഞ്ഞ ദിവസം ഒരു കോടി രൂപ അടച്ചത്. കഴിഞ്ഞ വർഷം ചീഫ് ടൗൺ പ്ലാനറിൽ നിന്ന് അനധികൃതമായി സമ്പാദിച്ച ഉത്തരവിന്റെ മറവിലാണ് അമൃതാന്ദമയി മഠം ഒരു കോടി രൂപ അടച്ചിരിക്കുന്നതെന്നും കൂടുതൽ നിയമ നടപടികൾ ഒഴിവാക്കാനാണിതെന്നും വിജേഷ് ലെഫ്റ്റ്ക്ലിക്ക് ന്യൂസിനോട് പറഞ്ഞു. എന്നാൽ അമൃതാന്ദമയി മഠം പോലെ ഒരു സ്ഥാപനം അങ്ങനെയെങ്കിലും നിയമത്തിനു മുന്നിൽ മുട്ട് മടക്കിയതിൽ സന്തോഷമുണ്ടെന്നും അമൃത മഠത്തിന്റെ നിയമലംഘനങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും വിജേഷ് വ്യക്തമാക്കി.

നേരത്തെ, വയൽ നികത്തിയതിനെതിരെ പരാതി നൽകിയ വിജേഷിനെ സ്വാധീനിക്കാൻ അമൃതാനന്ദമയി തന്നെ നേരിട്ട് വിജേഷിനെ വിളിപ്പിച്ചതും വയൽ നികത്തിയാലെന്താ കുടിവെള്ളത്തിന് കുഴൽക്കിണർ കുഴിച്ചാൽ പോരേ എന്ന് ചോദിച്ചതും വിജേഷ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. 29 കാരനായ വിജേഷ് സിപിഐഎം ആലുംപീടിക ബ്രാഞ്ച് സെക്രട്ടറിയും ക്ലാപ്പന ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമാണ്. ലോകമെമ്പാടും ഭക്തന്മാരും അനുചരന്മാരുമുള്ള, രാഷ്ട്രത്തലവന്മാരടക്കം കാൽ കഴുകി കുടിക്കുന്ന , അമൃതാനന്ദമയി ആശ്രമത്തിനെതിരെ വർഷങ്ങളായി പോരാട്ടം തുടരുന്ന വിജേഷ് സംസാരിക്കുന്നു.

വിജേഷിന്റെ വാക്കുകൾ :

ആലപ്പാട് പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി മഠം നിൽക്കുന്നതെങ്കിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായിട്ടാണ് മഠത്തിന്റെ സ്ഥാപനങ്ങൾ പലതും. തീരദേശ പരിപാലന നിയമമടക്കം കാറ്റിൽ പറത്തിയാണ് ഇവയിൽ ഭൂരിപക്ഷവും നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങളും ക്ലാപ്പന പഞ്ചായത്തിലാണ്. എന്നാൽ ഇതിനൊന്നും തന്നെ പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ല. ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളവയാണ് മിക്കവയും. ക്ലാപ്പന പഞ്ചായത്തിലെ തങ്ങളുടെ സ്ഥാപനങ്ങളുടെ മൊത്തം വിസ്തീർണ്ണം 102583.33 ചതുരശ്ര മീറ്റർ ആണെന്ന് മഠം തന്നെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ പൂർണ്ണമായും നിയമവിരുദ്ധമായി മഠം കൂറ്റൻ കെട്ടിടങ്ങൾ പണിത് കൂട്ടുകയും സർക്കാരിനെ കബളിപ്പിക്കുകയും തുടരുന്നതിനിടെയാണ് ക്ലാപ്പന പഞ്ചായത്തിൽ ഓഡിറ്റ് പരിശോധനയിൽ മഠം നടത്തുന്ന ക്രമക്കേട് പുറത്ത് വന്നത്. അമൃതാനന്ദമയി മഠം എല്ലാ സ്ഥാപനങ്ങൾക്കുമുള്ള തൊഴിൽ കരം പഞ്ചായത്തിൽ അടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഈ സ്ഥാപനങ്ങൾക്കുള്ള മറ്റൊരു നികുതിയും അടയ്ക്കുന്നില്ലായിരുന്നു. ഈ വൈരുദ്ധ്യം പുറത്ത് വന്നതോടെ വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിക്കുകയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധമുൾപ്പെടെ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു. അതൊന്നും ഫലിക്കാതെ വന്നപ്പോൾ 2011 ൽ പഞ്ചായത്ത് ഓംബുഡ്സ്മാനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ഈ കേസ് തുടരുന്നതിനിടെ അമൃതാനന്ദമയി മഠം തങ്ങൾക്ക് അഞ്ച് കെട്ടിടങ്ങൾ മാത്രമാണ് ഉള്ളതെന്നു കാണിച്ച് 17 ലക്ഷം രൂപ ക്ലാപ്പന പഞ്ചായത്തിൽ അടച്ച് രസീത് കോടതിയിൽ സമർപ്പിച്ചു. എന്നാൽ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ വഴി വിവരങ്ങൾ ശേഖരിച്ച് കോടതിയെ അറിയിക്കാൻ 7/5/ 13 ൽ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടു. ഇങ്ങനെ നടത്തിയ പരിശോധനയിൽ 49 കെട്ടിടങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് അമൃതാനന്ദമയി മഠം അവരുടെ എല്ലാ കെട്ടിടങ്ങളുടെയും പ്ലാനുകൾ കോടതിയിൽ സമർപ്പിച്ചു. ഇതിൽ 64 കെട്ടിടങ്ങൾ ഉണ്ടായിരുന്നു. ഈ അനിശ്ചിതത്വവും ആശയക്കുഴപ്പവും ഒഴിവാക്കണമെന്നും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഓംബുഡ്സ്മാനിൽ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അത് അനിശ്ചിതമായി നീണ്ടതോടെ ഓംബുഡ്സ്മാന് ഇത് സംബന്ധിച്ച നിർദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും കേസ് നൽകി.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അമൃതാനന്ദമയി മഠം ചീഫ് ടൗൺ പ്ലാനറിൽ നിന്ന് എല്ലാ കെട്ടിടങ്ങൾക്കും അനുമതി നേടിക്കൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചു. 15 ഏക്കർ നിലം നികത്താനാണ് അനുമതി ഉള്ളതെന്നും ഈ കെട്ടിടങ്ങൾ അവിടെ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെന്നും തണ്ണീർത്തട സംരക്ഷണ നിയമമടക്കം നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് വരുത്താനും അതിനു ശേഷം 20 നിബന്ധനകൾക്ക് വിധേയമായി അനുമതി നല്കാനുമായിരുന്നു ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ്. എന്നാൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ ഇതിൽ ക്രമക്കേട് നടത്തി അമൃതാനന്ദമയി മഠത്തിന്റെ മുഴുവൻ കെട്ടിടങ്ങളും അനുമതിയുള്ള പതിനഞ്ച് ഏക്കറിലാണെന്ന് വരുത്തി തീർത്ത് ഒരു കോടി രൂപ അടച്ച് എല്ലാ അനധികൃത നിർമ്മാണങ്ങളും നിയമവിധേയമാക്കാൻ ഉള്ള സൗകര്യം ചെയ്ത് കൊടുത്തിരിക്കുകയാണ് ഇപ്പോൾ.

എ.കെ ആന്റണി സർക്കാരിന്റെ കാലത്താണ് അമൃതാനന്ദമയി മഠത്തിന് 15 ഏക്കർ നിലം നികത്തി നിർമ്മാണം നടത്താനുള്ള അനുമതി നൽകിയത്. എന്നാൽ ഇപ്പോൾ അവർക്ക് 46.87 ഏക്കർ ഭൂമിയുണ്ടെന്ന് ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. ഇപ്പോൾ ഉള്ള കെട്ടിടങ്ങൾക്കെല്ലാം നമ്പർ ഇടാൻ വേണ്ടി അമൃതാനന്ദമയി മഠം സമർപ്പിച്ച അപേക്ഷയിൽ തന്നെ ഇപ്പോൾ നടക്കുന്നത് തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ട്. ഇപ്പോൾ അനുമതിയുള്ള ഭൂമിയിലാണെന്ന് പറയുന്ന പല കെട്ടിടങ്ങളും വേറെ സർവ്വേ നമ്പറുകളിലാണെന്ന് ആ അപേക്ഷയിൽ വ്യക്തമാണ്. ഈ കെട്ടിടങ്ങൾക്ക് നമ്പർ ഇടാനുള്ള അപേക്ഷ മുൻപ് നിയമവിരുദ്ധമെന്ന് കണ്ട് ജില്ലാ ടൗൺ പ്ലാനർ തള്ളിയിരുന്നു.

നേരത്തെ അമൃതാനന്ദമയി മഠത്തിന്റെ എൻജിനീയറിങ് കോളജിൽ മാലിന്യപ്രശ്‍നം മൂലം സമരം ഉണ്ടായപ്പോൾ ആർ.ഡി.ഒ യുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കോളജിലെ ഇപ്പോൾ പ്രവർത്തിക്കുന്ന നിയമവിരുദ്ധമായ മാലിന്യപ്ലാന്റ്, നിയമവിധേയമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നത് വരെ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ നിയമവിരുദ്ധമായ പ്ലാന്റ് അടക്കം നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരാനുള്ള സഹായമാണ് പഞ്ചായത്ത് ചെയ്ത് നൽകിയിരിക്കുന്നത്.

സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഓംബുഡ്‌സ്മാനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചിരിക്കെയാണ് നിസാര തുക അടച്ച് രക്ഷപ്പെടാനുള്ള അമൃതാനന്ദമയി മഠത്തിന്റെ നീക്കം. ക്ലാപ്പന പഞ്ചായത്ത് കഴിഞ്ഞ കുറെ കാലങ്ങളായി ഭരിക്കുന്നത് യുഡിഎഫ് ആണ്. അമൃതാനന്ദമയി മഠത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതിന് പ്രത്യുപകാരമായി അമൃതാനന്ദമയി മഠം യുഡിഎഫിനെ അധികാരത്തിൽ എത്താനായി വലിയ രീതിയിൽ സഹായിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് തടസമാകുന്ന ഇടത്പക്ഷ പ്രസ്ഥാനങ്ങൾ വളർന്ന് വരാതിരിക്കാൻ ആർ.എസ്.എസ് അടക്കമുള്ള മറ്റ് പ്രസ്ഥാനങ്ങളെ വ്യാപകമായി സഹായിക്കുകയും അവരെ ഉപയോഗിച്ച് സമരങ്ങളെ തടയുകയും ചെയ്യാനാണ് മഠത്തിന്റെ നീക്കം. സിപിഐ എം പ്രവർത്തകനായതിനാലാവാം എനിക്ക് നേരെ കായികമായ ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ എന്നെ സ്വാധീനിക്കാൻ അമൃതാനന്ദമയി നേരിട്ട് ശ്രമിച്ചിരുന്നു. അത് ഞാൻ മൊബൈലിൽ ഷൂട്ട് ചെയ്ത് പുറത്ത് വിട്ടിരുന്നു. വയൽ നികത്തിയാൽ കുടിവെള്ളം മുട്ടില്ലേ എന്ന് അന്ന് ഞാൻ ചോദിച്ചപ്പോൾ അതിനു കുഴൽക്കിണർ കുഴിച്ചാൽ പോരേ മോനേ എന്നാണ് അവർ പ്രതികരിച്ചത്. എന്തായാലും അമൃതാനന്ദമയി മഠം നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പുറത്ത് വരണം, ഈ സ്ഥാപനങ്ങൾക്ക് എല്ലാം നികുതി കുടിശിക അടക്കം അടപ്പിക്കണം. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിലാണ് ഈ സ്ഥാപനങ്ങൾ എങ്കിൽ അതിനുള്ള നിയമനടപടികൾ സ്വീകരിക്കണം, ഓരോ സ്ഥാപനത്തിനും അതാതിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള നികുതി ചുമത്തണം, ഇതിനു ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകണം. അത് വരെ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. - വിജേഷ് പറഞ്ഞു നിർത്തി.