മുകളില്‍ നിന്ന് താഴേക്കോ? താഴെ നിന്ന് മുകളിലേക്കോ?

#

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് തെറ്റാണെന്ന് സി.പി.ഐ(എം) കേന്ദ്രക്കമ്മിറ്റി വിലയിരുത്തുകയുണ്ടായി. കോണ്‍ഗ്രസുമായി ഭാവിയില്‍ ബന്ധം പാടില്ല എന്നും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു. കേന്ദ്രക്കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പശ്ചിമബംഗാള്‍ സംസ്ഥാനസമിതിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാള്‍ സംസ്ഥാന ഘടകം സി.പി.എം കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തല്‍ തള്ളി. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്തതാണ് സി.പി.എമ്മില്‍ സംഭവിച്ചിരിക്കുന്നത്.

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിക്കുകയും അങ്ങനെ ചെയ്യുന്നതിനെ തങ്ങളുടെ സവിശേഷതയായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ നിലനില്‍പ്പിനെത്തന്നെ അപ്രസക്തമാക്കുന്നതാണ് പുതിയ സംഭവിവികാസം. ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വമനുസരിച്ച് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി എടുക്കുന്ന തീരുമാനം അംഗീകരിക്കാതിരിക്കാന്‍ സംസ്ഥാന ഘടകത്തിന് അവകാശമില്ല. ആ അയവില്ലാത്ത സംഘടനാതത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

ജനാധിപത്യ കേന്ദ്രീകരണം ഫലത്തില്‍ കേന്ദ്രീകരണമായി മാറുന്നതാണ് അനുഭവമെന്നും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എല്ലാ കാലത്തേക്കും എല്ലാ ദേശങ്ങളിലും ബാധകമായ സനാതന നിയമങ്ങളല്ലെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുള്ളില്‍ ഉയര്‍ന്നുവന്ന ആശയസംവാദങ്ങളില്‍ സജീവമായി വാദിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഏതൊരു അഭിപ്രായത്തെയും ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. ജനാധിപത്യ കേന്ദ്രീകരണം അലംഘനീയമായ സംഘടനാ തത്വമായി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും അത് ലംഘിക്കുന്നവരെ പുറത്താക്കുകയും ചെയ്യുന്നതാണ് സി.പി.എം പാരമ്പര്യം. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തത്വത്തെയും പ്രയോഗത്തെയും സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ ഇന്ത്യയില്‍ സി.പി.ഐ നടത്തിയപ്പോള്‍ അത്തരമൊരു പുനരാലോചനയും ആവശ്യമില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് സി.പി.എമ്മിനെ അഗാധമായ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്ക് കടുത്ത അനിശ്ചിതത്വത്തിലായിരിക്കുന്നു. കേന്ദക്കമ്മിറ്റിയുടെ തീരുമാനം സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം ജില്ലാക്കമ്മിറ്റിയും ജില്ലാക്കമ്മിറ്റിയുടെ തീരുമാനം ഏരിയാക്കമ്മിറ്റിയും ഏരിയാക്കമ്മിറ്റിയുടെ തീരുമാനം ലോക്കല്‍ക്കമ്മിറ്റിയും ലോക്കല്‍ക്കമ്മിറ്റിയുടെ തീരുമാനം ബ്രാഞ്ച്ക്കമ്മിറ്റിയും തള്ളിക്കളയുന്ന സാഹചര്യത്തിലേക്കായിരിക്കുമോ കാര്യങ്ങള്‍ നീങ്ങുന്നത്? എന്തായാലും സി.പി.എം പശ്ചിമബംഗാള്‍ ഘടകം ഉയര്‍ത്തുന്ന രാഷ്ട്രീയവും സംഘടനാ പരവുമായ പ്രശ്‌നങ്ങള്‍ ഒട്ടും നിസ്സാരമല്ല.