ഇരുമ്പുമറയുടെ ഹാങ്ങോവര്‍

#

മന്ത്രിസഭായോഗം കഴിയുമ്പോള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നത് കേരളത്തില്‍ ആദ്യമന്ത്രിസഭയുടെ കാലം മുതലുള്ള കീഴ്‌വഴക്കമാണ്. പുതിയ മുഖ്യമന്ത്രി ആ കിഴ്‌വഴക്കം വേണ്ടെന്ന് വെച്ചിരിക്കുന്നു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്നും വാര്‍ത്താസമ്മേളനത്തിന്റെ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. പബ്ലിക് റിലേഷന്‍സ് പണി ചെയ്യുക മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമല്ല എന്ന വിശദീകരണവും അദ്ദേഹം നല്‍കി.

മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാനും വിശദീകരണങ്ങള്‍ ആവശ്യപ്പെടാനുമുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശം നഷ്ടപ്പെടുന്നു എന്ന പ്രശ്‌നം മാത്രമല്ല ഇതിലുള്ളത്. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഉപാധികളാണ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ പറയുന്നത് അപ്പടി നല്‍കുക എന്നതല്ലാതെ തിരികെ ചോദ്യം പാടില്ല എന്ന സമീപനത്തില്‍ അടങ്ങിയ ജനാധിപത്യവിരുദ്ധതയാണ് ഇവിടെ കാതലായ പ്രശ്‌നം.

അസുഖകരമായ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴിയായിട്ടാകാം മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതിനെ മുഖ്യമന്ത്രി കാണുന്നത്. ഹിതകരമായ വര്‍ത്തമാനങ്ങള്‍ മാത്രം കേള്‍ക്കാനിഷ്ടപ്പെടുന്നവരുടെ ചുറ്റും ഹിതം പറയുന്നവരുടെ വലിയ വലയങ്ങള്‍ ഉണ്ടാകാം. പക്ഷേ, പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അറിയണമെങ്കില്‍ ഹിതം പറയുന്നവരുടെ വലയത്തിനു പുറത്തുവന്നേ മതിയാകൂ. അസുഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരും. അനിഷ്ടകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ശത്രുക്കളായി കണ്ട എല്ലാ ഭരണാധികാരികള്‍ക്കുമുണ്ടായിട്ടുള്ള അനുഭവം എന്താണെന്ന് മനസ്സിലാക്കാന്‍ നമ്മുടെ മുഖ്യമന്ത്രി തയ്യാറാകണം.

ജനങ്ങളെ വെല്ലുവിളിക്കുകയും പൊതുഖജനാവ് കൊള്ളയടിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സഹികെട്ടാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് വോട്ടു ചെയ്തത്. സുതാര്യതയുടെ പേര് പറയുകയും എല്ലാ ഒളിച്ചുകളികളും നടത്തുകയും ചെയ്ത ആ ഭരണവുമായി താരതമ്യം ചെയ്ത് മേനി നടിക്കുകയല്ല ഇടതുമുന്നണി ചെയ്യേണ്ടത്. തങ്ങളെ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം ഇടതുമുന്നണി സത്യസന്ധതയോടെയും സുതാര്യമായും നിറവേറ്റുമെന്ന പ്രതീക്ഷ വോട്ടു ചെയ്ത ജനങ്ങൾക്കുണ്ട്. എന്തുതന്നെ ചെയ്താലും ജനങ്ങളുമായി ഇരുമ്പുമറയുടെ അകലം സൂക്ഷിക്കുമെന്ന വാശിയാണ് ഈ സര്‍ക്കാരിനുള്ളതെങ്കില്‍ അതംഗീകരിച്ചു തരുന്ന ജനതയല്ല കേരളത്തിലുള്ളതെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം.

ഒളിപ്പോരാട്ടങ്ങളുടെ കാലത്തെ രഹസ്യസംഘടനയുടെയും ശീതസമരകാലത്തെ സംശയത്തിന്റെയും ഭീതിയുടെയും ഹാങ്ങോവര്‍ കേരളത്തിലെ നേതാക്കളില്‍ പലര്‍ക്കും ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇത്രയും വൈകിയിട്ടും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രീതികള്‍ സ്വാംശീകരിക്കാന്‍ പിണറായി വിജയന് ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്‌നമായി കാണേണ്ടതില്ല. സ്റ്റാലിനിസത്തിന്റെ സംഘടനാ ശൈലിയില്‍ പരിശീലിപ്പിക്കപ്പെട്ട പാര്‍ട്ടി നേതാവില്‍ നിന്ന് ഒരു ജനാധിപത്യക്രമത്തിലെ ഭരണ നിര്‍വ്വഹണച്ചുമതലയുള്ള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റം പ്രശ്‌നങ്ങൾ നിറഞ്ഞതാണ്. ആ പ്രശ്നങ്ങൾ ഗൗരവമേറിയവയാണെന്നും അവയെ താത്വികമായും പ്രായോഗികമായും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം നേതാക്കളുടെ പ്രതിനിധിയാണ് പിണറായി വിജയന്‍. തീര്‍ച്ചയായും ആ മാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടേ മതിയാകൂ. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതിരുന്നതുകൊണ്ടാണ് പശ്ചിമബംഗാളില്‍ ഇത്ര വലിയ തകര്‍ച്ചയുണ്ടായത്. പശ്ചിമബംഗാള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ജനങ്ങളുടെ നിത്യജീവിതാവശ്യങ്ങള്‍ പരിഹരിച്ചാല്‍ മാത്രം പോര. ജനാധിപത്യത്തിന്റെ അടിസ്ഥാനശീലങ്ങള്‍ പാലിക്കുകയും വേണം.